BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Friday 22 November 2013

വിസ്മയകാഴ്ചകളുമായി പുതുതലമുറ ചിത്രങ്ങള്‍

ഒരു തലമുറയെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് പുതിയൊരു തലമുറ സംവിധായകരുടെ വരവ് വിളംബരം ചെയ്യുകയാണ് 18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പുതിയകാലത്തിന്റെ വിഹ്വലതകളും പ്രതീക്ഷകളും പ്രതിസന്ധികളും ദൃശ്യശൃംഗലയില്‍ കോര്‍ത്തിണക്കി പുതിയ ഭാവുകത്വം തേടുന്ന ലോകസിമാവിഭാഗം ഈ മേളയെ വേറിട്ടതാക്കും.
വിവിധ ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടുകയോ പങ്കെടുക്കുകയോ ചെയ്ത ചിത്രങ്ങളാണ് പുതിയ സംവിധായകരുടേതായി ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
56 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി
  209 ചിത്രങ്ങള്‍ മേളയിലുണ്ട്. 35 ചിത്രങ്ങള്‍ സംയുക്ത സംരംഭങ്ങളാണ്. 12 സിനിമകളുടെ സംവിധായകര്‍ വനിതകളാണ്. 
മേളയുടെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെ പതിനാല് ചലച്ചിത്രങ്ങളുണ്ട്.
  കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ അനാവരണം ചെയ്യുന്ന നൈജീരിയല്‍ നിന്നുള്ള ഏഴ് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
കച്ചവട സിനിമയുടെ കെട്ടുകാഴ്ചകളില്ലാതെ പൊതുധാരയില്‍നിന്ന് മാറിനിന്നുകൊണ്ട് ചലച്ചിത്രപ്രവര്‍ത്തനം നടത്തുന്ന ലാറ്റിന്‍ അമേരിക്കന്‍ പുതുതലമുറയുടെ എട്ട് ചിത്രങ്ങള്‍ ഈ മേളയെ വേറിട്ടതാക്കും. സ്ട്രീറ്റ് ഫിലിം മേക്കിങ് ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലൂടെയാണ് ഈ ചിത്രങ്ങള്‍ ആസ്വാദകരുടെ മുന്നിലെത്തുക. സിനിമയെ വ്യത്യസ്തമായി സമീപിക്കുന്ന ഒരു തലമുറയ്ക്ക് ഊര്‍ജം പകരാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
സിനിമ ഒരു കലാരൂപത്തിന്റെ ഭാവഗരിമയിലേക്ക് വളര്‍ന്ന ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് എക്‌സ്പ്രഷനിസം - ദ ഇന്‍ഡോ ജര്‍മന്‍ കണക്ഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ജര്‍മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമയുടെ കുലപതികളിലൊരാളായ ഫ്രിക്‌സ് ലാങ്ങിന്റെ (Fritz Lang) രണ്ട് ചിത്രങ്ങള്‍ കാഴ്ചയുടെ മായികലോകത്തേക്ക് പ്രേക്ഷകരെ നയിക്കും. ശാന്താറാമിന്റെ ജീവിതത്തിന്റെ പുറത്തേക്കുള്ള വലിയ കാഴ്ചകളും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു കാലഘട്ടത്തെ മനസ്സിലാക്കുന്നതിന് സഹായിക്കും. സിനിമ കച്ചവടമെന്നതിലുപരി കലാരൂപമാണെന്ന ആശയം രൂപീകരിക്കുന്ന കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ മേളയെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കും. എട്ട് ചിത്രങ്ങളാണ് ഈ
  വിഭാഗത്തിലുള്ളത്.
ജപ്പാനിലെ സമുറായ് പാരമ്പര്യത്തിന്റെ കാഴ്ചാനുഭവങ്ങളുമായി ഏഴ് ചിത്രങ്ങള്‍ സമുറായ് ഫിലിംസ് വിഭാഗത്തിലുണ്ട്. കോണ്‍ ഇച്ചിക്കാവ (Kon Ichikawa), മിസോഗുചി (Kenji Mizoguchi) തുടങ്ങിയ പ്രഗത്ഭരുടേതുള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
 
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഫ്രെഞ്ച് ന്യൂവേവ് സംവിധായകന്‍ ഴാങ് റെനോയ്‌റിന്റെ (Jean Renoir) അഞ്ച് സിനിമകള്‍ നവ്യാനുഭവമാകും. സെര്ബിയാന് സംവിധായകനായ ഗറോണ്‍ പാസ്‌കല്‍ജെവിക് (Goran Paskaljevic), ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍കോ ബലോചും (Marco Bellochio) ജാപ്പനീസ് സംവിധായകന്‍ തക്കാഷി മൈക്ക് (Takashi Mike), ഫ്രഞ്ച് സംവിധായിക ക്ലേയര്‍ ഡെനിസ് (Claire Denis), ജര്‍മന്‍ സംവിധായകന്‍ ഹാരുണ്‍ ഫറോക്കി (Haren Farocki) എന്നിവരുടെ 37 ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
മലയാള സംവിധായകന്‍ ഹരിഹരന്റെ ആറ് ചിത്രങ്ങളും റിട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂറി ചിത്രങ്ങള്‍ രണ്ടെണ്ണമുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയ കാര്‍ലോസ് സൗറയുടെ (Carlos Saura) ചിത്രങ്ങള്‍ മേളയ്ക്ക് വേറിട്ട ചാരുത നല്‍കും.
സമകാലിക ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ ആറ് ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ സിനിമ, മലയാള സിനിമ ഇന്ന്, ടോപ് ആങ്കിള്‍ ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ ഏഴ് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 79 സിനിമകളുണ്ട്.
 
ഇന്ത്യന്‍ സിനിമയില്‍ ദൃശ്യഭാവുകത്വത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിയ ഋതുപര്‍ണഘോഷിന്റെ മൂന്ന് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച മലയാള ചലച്ചിത്ര പ്രതിഭകളായ സുകുമാരി, കൊന്നനാട്ട്, രാഘവന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.
 
മത്സരവിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരമുള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. ഫിപ്രസി, നെറ്റ്പാക്, ഹസ്സന്‍കുട്ടി പുരസ്‌കാരങ്ങളും ഇതോടൊപ്പം സമ്മാനിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ ആര്‍തൂറോ റിപ്‌സ്റ്റെയ്‌നാണ് (Arturo Ripstein) ജൂറി അധ്യക്ഷന്‍. പീറ്റര്‍ സ്‌കാര്‍ലെറ്റ് (Peter Scarlet), ആദിത്യ അസാരത് (Aditya Assarat), ഖാലോ മതബാനേ (Khalo Matabane), ഗൗതമി തുടങ്ങിയവരാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങള്‍.
മാര്‍ക്ക് ഷില്ലിങ് (Mark Schilling), എലിസബത്ത് കെര്‍ (Elizabeth Kerr ), മോണിക്ക ഭാസിന്‍ (Monica Bhasin) എന്നിവര്‍ നെറ്റ്പാക് ജൂറിയും ഡെറിക് മാല്‍ക്കം (Derek Malcolm), കൊയ്ച്ചി നൊജിമ (Koichi Nojima), റീറ്റാ ദത്ത (Rwita Datta), തുടങ്ങിയവര്‍ ഫിപ്രസി ജൂറിയുമാണ്.
ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കനകക്കുന്നിലെ നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിലെ 11 തിയേറ്ററുകളാണ് വേദിയാകുക.

No comments:

Post a Comment