BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Thursday 12 December 2013

എന്റെ സിനിമ ഹൃദയത്തില്‍ നിന്നാണ്: കിം കി ഡുക്ക്

താന്‍ ഹൃദയത്തില്‍ നിന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ സിനിമ ഇഷ്ടപ്പെടാന്‍ കാരണമെന്ന് കരുതുന്നുവെന്നും വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക്. കൈരളി തീയേറ്ററില്‍ നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്കിടയിലിരുന്ന് ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിംസയും അഹിംസയും തുല്യമാണ്. അഥവാ അത് ഒരൊറ്റ ഏകകത്തില്‍ നിന്ന് വരുന്നവയാണ്. വയലന്‍സ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തന്റെ സിനിമകളില്‍ ബുദ്ധിസത്തെ പ്രതിപാദിക്കുന്നതുപോലെ തന്നെ അക്രമോത്സുകതയേയും വരച്ചുകാട്ടാറുണ്ട്. വയലന്‍സ് തുറന്നുകാട്ടുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിന്റെ ഉള്ളിലോട്ട് കടന്നുചെല്ലുകയാണ്.
സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ എന്ന സിനിമയിലെ നിശ്ശബ്ദതയ്ക്കും മൊബിയസിലെ  വയലന്‍സിനും ഒരേ സന്ദേശമാണ് തനിക്ക് നല്‍കാനുള്ളത്. ജീവിതം വര്‍ണ്ണാഭമാണ്. അഥവാ എല്ലാ നിറങ്ങളും ജീവിതം തന്നെയാണ്. സ്പ്രിംഗ് സമ്മര്‍ ഒരു ജീവിതചക്രത്തെ കുറിക്കുന്നു. മൊബിയസ്  എന്ന സിനിമയില്‍ ഇതേ ചാക്രികത ഉണ്ടെങ്കിലും ശരീരത്തിന്റെ സാങ്കേതികതയെക്കുറിച്ച് പറയാനാണ് താന്‍ കൂടുതല്‍ ശ്രമിച്ചത്. സ്പ്രിംഗ് സമ്മറില്‍ തിരക്കഥയുണ്ടായിരുന്നില്ല. ഓരോ ഋതുവിലൂടെയുമുള്ള സഞ്ചാരമായിരുന്നു ആ സിനിമ. അതില്‍ ക്യാമറയില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പ്രകൃതി തന്നെ ഇതിലൊരു കഥാപാത്രമാണ്.
ആദ്യ സിനിമയിലെ സെന്‍ ബുദ്ധിസ ചിന്തകളില്‍ നിന്ന് വയലന്‍സ് സിനിമകളിലേക്കുള്ള പ്രയാണം മനുഷ്യജീവിതത്തിന്റെ രണ്ട് വ്യത്യസ്ത അതിരുകളിലേക്കുള്ള യാത്രയാണ്. യാഥാര്‍ത്ഥ്യത്തെ പകര്‍ത്തുകയാണ് താന്‍ ചെയ്തിട്ടുള്ളത്. സമൂഹത്തിലെ വയലന്‍സിന് ഒരു പരിഹാരം തന്റെ സിനിമകളിലില്ല. യാത്രകളിലും മറ്റും തന്നിലേക്ക് വന്നുചേരുന്ന ചിന്താശകലങ്ങളെ മനസ്സില്‍ കുറിച്ചിടുന്നു. അവയുടെ കൂടിച്ചേരലുകളാണ് എന്റെ തിരക്കഥകള്‍.

തന്റെ ആത്മഭാവങ്ങളും ജീവിത ചിന്തകളും ആണ് ആരിരംഗിലുള്ളത്. കിം എന്ന വ്യക്തിയെ ഏറ്റവും സ്വാധീനിച്ച വ്യക്തി തന്റെ പിതാവാണ്. തങ്ങളില്‍ തന്നെ വിശ്വസിക്കുക എന്നതാണ് പുതിയ തലമുറയോട് തനിക്ക് പറയാനുള്ളത്. ആരാധകര്‍ക്കായി കിം ആരിരംഗിലെ ഗാനം ആലപിച്ചു. കിം കി ഡുക്കിനെക്കുറിച്ച് കെ ബി വേണു എഴുതി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച കിം കി ഡുക്ക് സൈലന്‍സ് ആന്റ് വയലന്‍സ് എന്ന പുസ്തകം കൃഷ്ണപ്രസാദ് പ്രകാശനം ചെയ്തു. പരിപാടിയില്‍ ഐഷ എബ്രഹാം പങ്കെടുത്തു.

No comments:

Post a Comment