BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Saturday, 30 November 2013

സമഗ്രസംഭാവനാ പുരസ്‌കാരം കാര്‍ലോസ് സോറയ്ക്ക്

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്ക് ആദരിക്കപ്പെടുന്നത് വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സോറയാണ്. ചലച്ചിത്രമേളകളിലൂടെ ജനശ്രദ്ധ നേടിയ ഇദ്ദേഹം ഇത് ആറാമത്തെ തവണയാണ് ആയുഷ്‌കാല സംഭാവനയ്ക്ക് ആദരവ് നേടുന്നത്. 


സ്പാനിഷ് സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ സോറയുടെ ജനനം ഒരു കലാകുടുംബത്തിലായിരുന്നു. പിയാനിസ്റ്റായ അമ്മയും ചിത്രകാരനായ ജ്യേഷ്ഠനും സോറയിലെ കലാകാരനെ ശക്തമായി സ്വാധീനിച്ചു. സിനിമയോടും ഫോട്ടോഗ്രാഫിയോടുമുള്ള അഭിനിവേശം ജന്മസ്ഥലമായ അരഗോണില്‍നിന്നും മാഡ്രിഡിലേക്ക് പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിനിമാ റിസര്‍ച്ചില്‍ നിന്നും ഡിപ്ലോമ നേടുകയും 1963 വരെ അവിടെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 
1958 ല്‍ ക്യുയെന്‍കാ സംവിധാനം ചെയ്തുകൊണ്ടാണ് ആദ്ദേഹം ചലച്ചിത്രരംഗത്തേക്ക് വന്നത്. മാഡ്രിഡിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതവും സ്‌പെയ്‌നിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും സോറ തന്റെ സിനിമയ്ക്ക് വിഷയങ്ങളാക്കി.
1960 ല്‍  സോറ സംവിധാനം ചെയ്ത ലോസ് ഗോള്‍ ഹോസ്  ആണ് സ്പാനിഷ് ചലച്ചിത്രരംഗത്തുണ്ടായ നവതരംഗത്തിന് തുടക്കം കുറിച്ചത്. വേറിട്ട ശൈലിയും വീക്ഷണവും കൊണ്ട് സോറ സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. സ്പാനിഷ് ചലച്ചിത്രകാരന്‍ ലൂയി ബൃനൂവലിനെ ഗുരുസ്ഥാനത്ത് കാണുന്ന സോറ ഇതിനോടകം 40 സിനിമകള്‍  സംവിധാനം ചെയ്തിട്ടുണ്ട്. 42 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് 81 കാരനായ സോറയെ തേടിയെത്തിയത്. 
ഗോയ ഇന്‍ ബര്‍ഡോസ്, ല കാസാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിനോടുള്ള ആദരവായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1966 ല്‍ പുറത്തിറങ്ങിയ ല കാസ, സ്പാനിഷ് യുദ്ധവീരന്മാരായ മൂന്നു പേര്‍ മുയല്‍വേട്ടയ്ക്കു പോകുന്ന കഥപറയുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ഈ ചിത്രം സോറയ്ക്ക് ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്.പതിനാറാമത് ബര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. 
പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഡേ ഗോയുടെ ജീവിതമാണ് ഗോയ ഇന്‍ ബര്‍ഡോസ്. മോണ്‍റിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച കലാ സംഭാവനയ്ക്കുള്ള പുരസ്‌കാരവും, മികച്ച സിനിമയ്ക്കുള്ള സോന്‍ജോര്‍ഡി പുരസ്‌കാരവും ഈ ചിത്രം നേടിയിട്ടുണ്ട്.

No comments:

Post a Comment