BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday, 1 December 2013

ലോകസിനിമയില്‍ വനിതാ സംവിധായകര്‍

ഒരു കൂട്ടം വനിതാ സംവിധായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ലോകസിനിമാ വിഭാഗത്തില്‍ 10 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. കുറഞ്ഞ നിര്‍മാണ ചെലവും അവതരണത്തിലെ വൈകാരികതയും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണിത്. സ്വത്വരാഷ്ട്രീയം, കുടുംബബന്ധങ്ങളിലെ പാകപ്പിഴകള്‍, പ്രകൃതി ദുരന്തങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൂട്ടക്കൊലകള്‍, ജനതയുടെ തദ്ദേശിയ ചരിത്രം എന്നിവ സാര്‍വലൗകികമായ കാഴ്ചപ്പാടിലൂടെ ഈ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.

അഞ്ച് ദശാംബ്ദങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്. പാക്കിസ്ഥാനിലെ സിനിമാ സംസ്‌കാരത്തെ പുനര്‍നിര്‍വചിച്ച പുതുതലമുറയുടെ പ്രതിനിധികളായ മീനു ഗൗര്‍, ഫര്‍ജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനുപിന്നില്‍. ലാഹോറിന്റെ പശ്ചാത്തലത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ നേരിടുന്ന അപ്രതീക്ഷിതമായ ജീവിത വഴിത്തിരുവുകളെ രസകരമായി ആവിഷ്‌കരിക്കുകയാണ് ചിത്രം. ഹിന്ദി നടന്‍ നസറുദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശനവിധേയമായ ഇസ്രയേലിലെ കുടിയേറ്റ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അച്ഛനും നാല് വയസ്സുകാരനായ മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആവിഷ്‌കാരമാണ് ഫിലിപ്പീന്‍സ് ചിത്രം ട്രാന്‍സിറ്റ്. സംവിധാനം ഹന്ന എസ്പിയ. 
14 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വെനസ്വേലന്‍ സംവിധായിക മറിയാനാ റോണ്ടന്റെ  പുതിയ ചിത്രമാണ് പെലോ മലോ. സ്വന്തം വീട്ടില്‍ അംഗീകാരം ലഭിക്കാതെ പോകുന്ന ഒന്‍പതു വയസ്സുകാരന്റെ മാനസിക അവസ്ഥകളാണ് ഈ ചിത്രം ആവിഷ്‌കരിക്കുന്നത്.
സ്വന്തം ചലച്ചിത്രങ്ങള്‍ രാഷ്ട്രിയ പ്രഖ്യാപനത്തിനും സ്വത്വനിലപാടുകള്‍ വ്യക്തമാക്കാനുമായി ഉപയോഗിക്കുന്ന പോളിഷ് സംവിധായികയാണ് ആഗ്‌നിസ്‌ക ഹോളണ്ട്. സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാര്‍ഥി ജാന്‍ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.
ഈജിപ്ത്യന്‍ ഡോക്കുമെന്ററി സംവിധായിക ഹലാ ലോട്ഫിയുടെ ആദ്യ ചലച്ചിത്രമായ കമിങ് ഫോര്‍ത്ത് ബൈ ഡേ കെയ്‌റോ നഗരത്തില്‍ ജീവിക്കുന്ന യുവതിയുടെയും അമ്മയുടയും രോഗാതുരനായ അച്ഛന്റെയും കഥ പറയുന്നു ഈ ചിത്രം. 
അധികാരം കയ്യാളുന്നവര്‍ തങ്ങളുടെ പണവും പ്രശസ്തിയുമുപയോഗിച്ച് സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നിന്നും എങ്ങനെ രക്ഷപെടുന്നൂവെന്ന് വ്യക്തമാക്കുന്ന ഫ്രഞ്ച് സസ്‌പെന്‍സ് ചിത്രമാണ് ബാസ്റ്റാഡ്‌സ്. സംവിധാനം ക്ലയര്‍ ഡെനിസ്. 
ഉക്രൈന്‍ സംവിധായിക ഇവ നെയ്മാന്റെ ചിത്രമാണ് ഹൗസ് വിത്ത് എ ടററ്റ് തന്റെ മുത്തച്ഛന്റെ നാട്ടിലേക്ക് യാത്ര ചെയ്ത കുട്ടിയുടെയും അമ്മയുടെയും ജീവിതത്തെ തികച്ചും അപരിചിതയെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒരു സ്ത്രീയുടെ മരണം എപ്രകാരം ബാധിച്ചുവെന്നതിന്റെ ആവിഷ്‌കാരമാണ് ഈ ചിത്രം.  
സ്ലോവാക്യന്‍ സംവിധായിക മിര ഫൊര്‍നായുടെ മൈ ഡോഗ് കില്ലര്‍ -18 വയസ്സുകാരന്റെ ജീവിതത്തിലെ ഒരു ദിവസത്തെ സംഭവവികാസങ്ങള്‍ ആവിഷ്‌കരിക്കുന്നു. മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2013 ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ചിത്രമാണിത്. റോട്ടര്‍ഡാം മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളില്‍ ഒറ്റ ചിത്രം കൊണ്ടുതന്നെ സ്ഥാനമുറപ്പിച്ച ജോവന്നാ ലൊബാര്‍ഡിന്റെ പെറുവിയന്‍ ചിത്രം ഇന്‍ ഹൗസ് മൂന്ന് തലമുറകളില്‍പ്പെട്ട അമ്മമാര്‍ ഒരു രാത്രി ഒരു മുറിയില്‍ കഴിഞ്ഞതിന്റെ ദൃശ്യാവിഷ്‌കാരമാണ്.
സൂസന്നാ ബീസ് സംവിധാനം ചെയ്ത ഡാനിഷ് റോമാന്റിക് കോമഡി വിഭാഗത്തില്‍പ്പെട്ട ലൗ ഈസ് ഓള്‍ യു നീഡ്, ഇഡാ എന്ന ഹെയര്‍ ഡ്രസ്സറുടെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ്. ഇഡയുടെ മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് വരന്റെ പിതാവുമായി ഇഡ പുലര്‍ത്തുന്ന വൈകാരിക ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. 

ഡിജിറ്റല്‍ സാങ്കേതികതയും തുറന്ന മാധ്യമജാലകങ്ങള്‍ സൃഷ്ടിച്ച വൈജ്ഞാനിക വിസ്‌ഫോടനവും ഈ രംഗത്തേക്കുള്ള സ്ത്രീകളുടെ വ്യാപകമായ കടന്നുവരവിന് കാരണമായതായി അനുമാനിക്കാം. പുതിയ കാലത്തിന്റെ അനുഭവത്തിന്റെ തീക്ഷണത സ്ത്രീകളെ കൂടുതല്‍ ആര്‍ജവത്തോടെ സിനിമയെ സമീപിക്കുവാന്‍ പ്രാപ്തരാക്കിയിട്ടുണ്ടെന്നും ഈ ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും.

No comments:

Post a Comment