അഭ്രപാളിയിലെ വിസ്മയങ്ങളുടെ ആറാം ദിനമായ ഇന്ന്
57 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 21 ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനമാണ്.
വലേസ: മാന്‍ ഓഫ് ഹോപ്പ്, നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍, ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍
എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വിസ്മയക്കാഴ്ചകളുടെ വിരുന്നൊരുക്കും. മത്സരവിഭാഗത്തില്‍
ആറ്, ലോകസിനിമാ വിഭാഗത്തില്‍ 20, സ്ട്രീറ്റ് ഫിലിം വിഭാഗത്തില്‍ നാല് ചിത്രങ്ങളും ഇന്ന്
പ്രദര്‍ശിപ്പിക്കും.
ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നോ വണ്‍
റൈറ്റ്‌സ് ടു കേണല്‍, ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്കസിന്റെ കൃതിയെ അടിസ്ഥാനമാക്കിയാണ്
ആര്‍തുറോ റിപ്‌സ്റ്റൈന്‍ സംവിധാനം ചെയ്തിരിക്കുന്നത്. വൃദ്ധ ദമ്പതികളുടെ വേദനാ നിര്‍ഭരമായ
ഓര്‍മ്മകളുടെയും വ്യര്‍ത്ഥ പ്രതീക്ഷകളുടെയും കഥ പറയുകയാണ് ഈ ചിത്രം. മെക്‌സിക്കോയുടെ
കടലോര നഗരത്തില്‍ ക്ലേശ പൂര്‍ണ്ണമായ ജീവിതം നയിക്കുന്ന പെന്‍ഷന്‍ പറ്റിയൊരു പട്ടാളക്കാരന്റെയും
ആസ്മ രോഗിയായ ഭാര്യയുടെയും ജീവിതമാണ് ഈ ചിത്രം.
വെനീസ്, ടൊറന്റോ, ലണ്ടന്‍ മേളകളില്‍ പുരസ്‌കാരം
നേടിയ ആന്ദ്രെ വെയ്ദയുടെ ചിത്രമാണ് പ്രശസ്ത പോളിഷ് രാഷ്ട്രീയ നേതാവായ ലേ വലേസയയെ കുറിച്ചുള്ള
വലേസ: ദ മാന്‍ ഓഫ് ഹോപ്പ്. ദശലക്ഷക്കണക്കിന് ജനങ്ങളുടെ സ്വാതന്ത്ര്യദാഹത്തിന് ചിറക്
മുളപ്പിച്ച വലേസയുടെ ജീവിത പരിണാമ ചരിത്രമാണ് ഇതില്‍ അനാവരണം ചെയ്തിരിക്കുന്നത്.
കാനില്‍
പാം ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് അബ്ദുലത്തീഫ് കെച്ചീച്ചേയുടെ
ബ്ലു ഈസ് ദ വാമസ്റ്റ് കളര്‍. കൗമാരക്കാരികളായ അഡിലെയ്ക്കും എമ്മയ്ക്കും ഇടയില്‍ രൂപപ്പെടുന്ന
പ്രത്യേക ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് രണ്ടാം പ്രദര്‍ശനമാണ്.
പ്രണയികളുടെ ആത്മത്യാഗത്തിന്റെയും പ്രതികൂല സാഹചര്യങ്ങളെ
അതിജീവിക്കാനുള്ള ഒരു സ്ത്രീയുടെ കരുത്തിന്റെയും കഥ ഭരതനാട്യത്തിന്റെ പശ്ചാത്തലത്തില്‍
അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വാര എ ബ്ലെസിംഗ്‌സ് . കയിന്‍സേ നോര്‍ബു സംവിധാനം
ചെയ്ത ഈ ചിത്രം ലണ്ടന്‍, ബുസാന്‍ മേളകളില്‍
പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ധീരമായ പ്രമേയങ്ങളും കാവ്യാത്മകമായ ആഖ്യാന ശൈലിയും
ഇന്ത്യന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഋതുപര്‍ണ്ണഘോഷിന്റെ സത്യാന്വേഷി ഹോമേജ് വിഭാഗത്തില്‍
പ്രദര്‍ശിപ്പിക്കും. മരണാസന്നയായി കിടക്കുന്ന ബെല്‍വന്ത്പൂരിലെ മഹാരാജാവായ അരുണങ്ഷുവിന്റെ കഥ പറയുകയാണ് സത്യാന്വേഷി. സുകുമാരിയോടുള്ള ആദരസൂചകമായി
സുരേഷ് ഉണ്ണിത്താന്റെ അയാളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment