BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday, 8 December 2013

എന്റെ സിനിമയാണ്‌ എന്റെ രാഷ്ട്രീയം: മാര്‍ക്കോ ബലൂച്ചിയോ

ഇറ്റാലിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്റെ സിനിമയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ മാര്‍ക്കോ ബലോച്ചിയോ പറഞ്ഞു. നിളാ തിയേറ്ററില്‍ അരവിന്ദന്‍ സ്‌മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയോ റിയലിസ്റ്റിക്‌ സിനിമകള്‍ അധിനിവേശാനന്തര കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിച്ചു. തന്റെ ചിത്രങ്ങളിലൂടെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വക്താവാകാന്‍ ശ്രമിക്കുന്നില്ലെങ്കിലും സാഹചര്യങ്ങള്‍ക്കനുയോജ്യമായി പലപ്പോഴും കഥാപാത്രങ്ങളിലൂടെ രാഷ്ട്രീയ സംവാദങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. 1970 കളില്‍ ഇന്ത്യയില്‍ അലയടിച്ച സമാന്തര സിനിമാപ്രസ്ഥാനത്തിന്‌ ഇറ്റിലിയുടെ നിയോറിയലിസ്റ്റിക്‌ പാരമ്പര്യവുമായി അഭേദ്യമായ ബന്ധമുണ്ട്‌. ഇന്ത്യന്‍ സംവിധായകരായ സത്യജിത്‌ റേ, അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ സിനിമകള്‍ അതതുകാലഘട്ടത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്‌ചകളായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംഗീതം സിനിമയ്‌ക്ക്‌ യോജിച്ചതായിരിക്കണമെന്നും അതില്‍ കാലഘട്ടത്തിനനുയോജ്യമായി മാറ്റങ്ങള്‍ വരുത്തേണ്ടത്‌ അനിവാര്യമാണെന്നും ബലൂച്ചിയോ പറഞ്ഞു. സിനിമയുടെ വളര്‍ച്ചയെ ഇറ്റലിയിലെ പുതുതലമുറ ഏറെ കൗതുകത്തോടെയാണ്‌ നിരീക്ഷിക്കുന്നത്‌. ഇറ്റലിയിലേക്കുള്ള കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ്‌ അവരുടെ സിനിമകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്‌. വര്‍ഷംതോറും ഒട്ടനേകം സിനിമകളാണ്‌ ഇറ്റലിയില്‍ നിര്‍മിക്കുന്നതെങ്കിലും നാമമാത്രമായവയാണ്‌ പ്രദര്‍ശനശാലകളിലെത്തുന്നത്‌. എന്നാല്‍ ഇന്ത്യയിലെ ബോളിവുഡ്‌ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ സിനിമാ നിര്‍മാണരീതികളില്‍ നിന്നും ഇറ്റലിക്കാര്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ സമാന്തരസിനിമകള്‍ക്ക്‌ തുടക്കംകുറിച്ചത്‌ അരവിന്ദനായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ എന്‍.സി. സേനന്‍ ഓര്‍മപ്പെടുത്തി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ റോയ്‌ പീച്ചാട്ട്‌ മാര്‍ക്കോ ബലൂച്ചിയോയ്‌ക്ക്‌ ഉപഹാരം നല്‍കി. പ്രൊഫ. സുരേഷ്‌ ഛാബ്രിയ, ദ്വിഭാഷി മാര്‍വോ, ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment