സിനിമകളുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള
മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗാനങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കടന്നുകൂടിയ
അനിവാര്യമായ തിന്മയാണെന്ന് ശ്യാമപ്രസാദ്. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്
ശ്രീ തീയേറ്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. തന്റെ വായനയുടെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ഓരോ സിനിമയും സംവിധാനം
ചെയ്യുന്നത്. സിനിമകള്‍ക്കായി വ്യത്യസ്ത ആഖ്യാന ശൈലികള്‍ സ്വീകരിക്കുമ്പോള്‍ നിരവധി
തടസ്സങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. തന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിലും ഇത്തരം വെല്ലുവിളികള്‍
അനുഭവിക്കേണ്ടി വന്നുവെന്നും ശ്യാമപ്രസാദ് പറഞ്ഞു. സ്ത്രീകളുടെ വൈകാരിക ഭാവങ്ങള്‍ക്ക്
തീവ്രമായി കഥ പറയാനുള്ള ശേഷിയുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിനേതാക്കള്‍ക്കുപരി ദൃശ്യങ്ങളിലൂടെയും അതിനനുസൃതമായ
ശബ്ദവിന്യാസങ്ങളിലൂടെയുമാണ് തന്റെ ചിത്രങ്ങള്‍ സംവദിക്കുന്നതെന്ന് സെര്‍ജിയോ ആന്‍ഡ്രെ
പറഞ്ഞു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ജൊനാഥന്‍സ് ഫോറസ്റ്റില്‍ സ്വദേശീയരാണ്
അഭിനയിച്ചത്. നോര്‍ത്ത് ബ്രസീലില്‍ സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച
ആദ്യ ചിത്രമാണിത്. ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണത്തെ വിമര്‍ശിച്ച് ഗവണ്‍മെന്റിനെതിരെയാണ്
ചിത്രമെങ്കിലും ഗവണ്‍മെന്റിന്റെ യാതൊരു കൈകടത്തലും ചിത്രത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം
പറഞ്ഞു. കൂടാതെ കേരളത്തിലെ സിനിമാ പ്രേമികളുടെ ആവേശവും അര്‍പ്പണവും തന്നെ ഞെട്ടിച്ചുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ വിനോദത്തിന് വേണ്ടിയാകരുത്, അവ സമൂഹത്തിന്റെ
തിരുത്തലിനുള്ള മാധ്യമമാകണമെന്ന് കണ്‍സ്ട്രക്ടര്‍ സിനിമാ നിര്‍മ്മാതാവ് ഷെറിക് അഭിഷേവ്
അഭിപ്രായപ്പെട്ടു. സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിനാല്‍ കസാക്കിസ്ഥാനില്‍
തന്റെ ചിത്രം നിരോധിച്ചുവെന്നും ജനസംഖ്യ കുറവായതിനാല്‍ അവിടെ സിനിമാ നിര്‍മ്മാണം ഒട്ടും
ലാഭകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീരാ സാഹിബ് മോഡറേറ്ററായിരുന്നു. ബാലുകിരിയത്തും
പങ്കെടുത്തു.
No comments:
Post a Comment