BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

ചലച്ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കുക വെല്ലുവിളി: പി.കെ. നായര്‍

ചലച്ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് അവയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നത് പ്രയാസമേറിയ പ്രക്രിയയാണെന്ന് ഫിലിം ആര്‍ക്കൈവ്‌സ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ പി.കെ. നായര്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ സിനിമയുടെ നൂറ് വര്‍ഷങ്ങള്‍ ഡിജിറ്റല്‍ വത്ക്കരണം, പുനഃസൃഷ്ടി, പുനരവതരണം' എന്ന വിഷയത്തെ ആസ്പദമാക്കി ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നിലവിലെ സ്ഥിതിയില്‍ ഡിജിറ്റല്‍വത്ക്കരണം കൊണ്ട് അപര്യാപ്തമാണ്. ചലച്ചിത്ര ഫോര്‍മാറ്റുകളിലെ അന്തരമാണ് ഇതിന് പ്രധാന കാരണം. 20 വര്‍ഷത്തെ ആയുസ് മാത്രമാണ് ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് ഉറപ്പുവരുത്താനാകുക. സാങ്കേതിക വിദ്യയില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ആയുസ് കുറയ്ക്കുന്നത്. മുന്‍പ് ഫിലിം യുഗത്തില്‍ കാലപ്പഴക്കം, വാഷിംഗിലെ അപര്യാപ്തത എന്നിവ നിമിത്തം അനവധി ഫിലിമുകള്‍ നശിച്ചുപോകുകയുണ്ടായി. സ്വാതന്ത്രേ്യാനന്തര ഇന്ത്യയില്‍ 1200 ല്‍ പരം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടും ഒന്‍പതെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും സംരക്ഷിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യകാല ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച പുസ്തകങ്ങള്‍, മാസികകള്‍ എന്നിവയുടെ ദൗര്‍ലഭ്യം വാസ്തവത്തില്‍ ചരിത്രത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്ന് സെമിനാറില്‍ സംസാരിച്ച പ്രമുഖ സിനിമാചരിത്രകാരന്‍ തിയോ ഡോര്‍ ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. അക്കാലത്തെ നോവലുകള്‍, ചലച്ചിത്രമാസികകള്‍, എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ സിനിമയുടെ ആദ്യകാല ചരിത്രത്തെ ആഴത്തിലറിയാനാണ് നാം ശ്രമിക്കേണ്ടത്.
ചലച്ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രധാനമായും വേണ്ടത് സിനിമയെന്ന മാധ്യമത്തോടുള്ള പ്രതിബദ്ധതയാണെന്ന് പ്രമുഖ ഫിലിം ആര്‍ക്കൈവിസ്റ്റ് നസ്രീന്‍ കപൂര്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം, ക്രൗഡ് ഫണ്ടിങ് മുതലായ പങ്കാളിത്തപരമയ നയങ്ങള്‍ കൊണ്ട് താരതമ്യേന വലുതായ ഇന്ത്യന്‍ ചലച്ചിത്രമേഖലയെ സംരക്ഷിക്കാനാവും.
രാജ്യത്തിന്റെ തനത് സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതി ചൂണ്ടിക്കാട്ടുന്ന ചലച്ചിത്രങ്ങള്‍ സംരക്ഷിക്കുന്നതുവഴി ഭൂതവും ഭാവിയും തമ്മിലുള്ള ബന്ധം പുനര്‍നിര്‍വചിക്കപ്പെടുമെന്ന് അരുണാ വാസുദേവ് അഭിപ്രായപ്പെട്ടു.
ഈ മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ചലച്ചിത്ര മ്യൂസിയങ്ങള്‍ ആരംഭിക്കണമെന്ന് ഡോക്കുമെന്റേറിയന്‍, ചരിത്രകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായ വെങ്കിടേഷ് ചക്രവര്‍ത്തി നിര്‍ദേശിച്ചു. നിലവിലെ മ്യൂസിയങ്ങളില്‍ ചലച്ചിത്ര വിഭാഗം ആരംഭിച്ചുകൊണ്ട് ഈ പ്രശ്‌നത്തെ മറികടക്കാം. കൂടാതെ ശബ്ദം, ദൃശ്യം എന്നിവയെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള സംരക്ഷണ രീതിയാണ് ഇനിയുള്ള കാലം ആവശ്യപ്പെടുന്നത്. അദ്ദേഹം വ്യക്തമാക്കി.

പ്രസാദ് ലാബ് മേധാവി മോഹന്‍ കൃഷ്ണന്‍, സാങ്കേതിക വിഭാഗം ഉപദേശകന്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചലച്ചിത്രങ്ങളുടെ സംരക്ഷണത്തിനായി അഞ്ച് ദശാബ്ദത്തോളം നിസ്വാര്‍ഥ സേവനം നല്‍കിയ പി.കെ. നായര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമിക്കു വേണ്ടി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഉപഹാരം നല്‍കി. സി.എസ്. വെങ്കിടേശ്വരന്‍ അധ്യക്ഷനായിരുന്നു

No comments:

Post a Comment