BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

മേളകള്‍ ചര്‍ച്ചകള്‍ക്കും വേദിയാകണം: അരുണാ വാസുദേവ്

ചലച്ചിത്ര മേളകള്‍ സിനിമാപ്രദര്‍ശന വേദികളെന്നതിനുപരി സിനിമയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും    വേദിയാകണമെന്ന് നെറ്റ്പാക്ക് പ്രസിഡന്റ് അരുണാ വാസുദേവ്. ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് ഫിലിമിന്റെ രണ്ടാമത് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിയുന്നതാവണം സിനിമകള്‍. സ്‌ക്രീനില്‍ മിന്നിമറയുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ചിത്രത്തെക്കുറിച്ച് കൂടുതലറിയാനുള്ള ഉത്സുകതയും പ്രേക്ഷകരില്‍ നിറയ്ക്കാന്‍ സിനിമയ്ക്ക് കഴിയണം. ഡെലിഗേറ്റുകള്‍ക്ക് സിനിമയെ അടുത്തറിയാനായി വിവിധ സെഷനുകള്‍ ഈ മേളയില്‍ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ചലച്ചിത്രമേളകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ചെറുപ്രായത്തില്‍ സിനിമയെ കുറിച്ച് അവബോധം ലഭിക്കുന്ന കുട്ടികള്‍ക്ക് സിനിമയെ വിലയിരുത്താനും സിനിമയെന്ന മാധ്യമത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനും സാധിക്കും. ഈ മേളയില്‍ കുട്ടികള്‍ക്കായുള്ള പാക്കേജുകള്‍ ഉള്‍പ്പെടുത്തണം.
അടുത്തവര്‍ഷം മുതല്‍ ഒരു മള്‍ട്ടിനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ശ്രീലങ്കയില്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശ്രീലങ്കയില്‍ നിന്നുള്ള ഏഷ്യന്‍ ഫിലിം പ്രതിനിധി ദമ്മിക ദിസാനായക അറിയിച്ചു. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ക്കായുള്ള സിനിമാ പ്രദര്‍ശനം നടത്താനും പദ്ധതിയുണ്ട്.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ കുട്ടികളുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടുദിനം നീണ്ട കോണ്‍ഫറന്‍സ് ഹൈസിന്തില്‍ അവസാനിച്ചു.

കോണ്‍ഫറന്‍സില്‍ റുസ്താംവാനിയ, മൈക്കല്‍ ജോസഫ്, കാത്തി ലോയ്‌സണ്‍, ഗോള്‍ഡ നെല്ലം, കാതറിന്‍ മസാദ്, ബട്ടു, സൂസന്‍ ബന്‍, ജോഷി മാത്യു, മോണിക്ക, മഹാമായോ ദിനനായക്, സന്നറ്റേ, മാലുക്, അരുണ്‍ ഗുപ്ത, റോയ് മാത്യു എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മോനിഷ വാഹി മോഡറേറ്ററായിരുന്നു.

No comments:

Post a Comment