BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

കലയ്ക്കും കലാകാരനും അതിര്‍ത്തികളില്ല: ഗൊരോണ്‍ പാസ്‌കലേവിക്

കലയേയും കലാകാരനെയും രാജ്യാതിര്‍ത്തിയുടെ ചങ്ങലയ്ക്കുള്ളില്‍ ബന്ധിക്കാന്‍ കഴിയില്ലെന്ന് സെര്‍ബിയന്‍ ചലച്ചിത്രകാരന്‍ ഗൊറോണ്‍ പാസ്‌കലേവിക് അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധാനന്തരം രാജ്യം വിഭജിക്കപ്പെട്ടെങ്കിലും സെര്‍ബിയയും ക്രൊയേഷ്യയും സംയുക്തമായാണ് ഇപ്പോഴും സിനിമകള്‍ നിര്‍മിക്കുന്നത്. യുദ്ധത്തിന് മനുഷ്യന്റെ ഉള്ളിലെ കലാകാരനെ തകര്‍ക്കാന്‍ കഴിയില്ല. എല്ലാ വ്യക്തികളിലും ഒരു രാഷ്ട്രീയക്കാരനുണ്ട്. താന്‍ സാധാരണക്കാരന്റെ ജീവിതവും രാഷ്ട്രീയവുമാണ് തിരശീലയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് തന്റെ സിനിമകള്‍ പലതും രാഷ്ട്രീയ പശ്ചാത്തലമുള്ളവയായതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഗൊറോണ്‍ പറഞ്ഞു.
യുദ്ധം തിയേറ്ററുകളെ തകര്‍ത്തുവെങ്കിലും അത്യാധുനിക സംവിധാനങ്ങളുള്ള മള്‍ട്ടിപ്ലസ് തിയേറ്റര്‍ സമുച്ചയങ്ങള്‍ സെര്‍ബിയയിലുണ്ട്. എന്നിരുന്നാലും കോംപാക്ട് ഡിസ്‌കുകളുടെ പ്രചാരം തിയേറ്ററുകളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുന്നൂവെന്നതാണ് സെര്‍ബിയന്‍ സിനിമ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്ന് അദ്ദേഹം വിശദീകരിച്ചു.
പി. കഞ്ഞിരാമന്‍ നായരോടും കവിതയോടുമുള്ള പ്രണയമാണ് തന്നെ ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കളിയച്ഛന്റെ സംവിധായകന്‍ ഫറൂക്ക് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഒരു കവിതവായിക്കുന്ന അനുഭൂതി പ്രേക്ഷകരില്‍ സൃഷ്ടിക്കാനാണ് താന്‍ ശ്രമിച്ചത്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ തന്റെ പ്രയത്‌നം അര്‍ഥവത്തായി എന്നു മനസ്സിലായി. ഒരു സിനിമ ചിത്രീകരിക്കാന്‍ 12 വര്‍ഷം കാത്തിരുന്നപ്പോഴുണ്ടായ വേദനയേക്കാള്‍ അധികമാണ് സിനിമയ്ക്ക് വിതരണക്കാരെ ലഭിക്കാത്തപ്പോള്‍ തനിക്കുണ്ടായത്. സിനിമ ചെയ്യാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സിനിമ സംവിധാനം ചെയ്യാനുള്ള അര്‍ഹത തനിക്കുണ്ടോയെന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നല്ല ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോഴുണ്ടാകുന്ന കീര്‍ത്തിയാണ് മുതല്‍മുടക്കിന്റെ മൂല്യമെന്ന് മനസ്സിലാക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം ജീവിതവും അനുഭവങ്ങളുമാണ് ഫാന്‍ട്രി എന്ന സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചതെന്ന് ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ സംവിധായകന്‍ നാഗരാജ് മഞ്ജുള പറഞ്ഞു.  നിറഞ്ഞ സദസ്സിനുമുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീനാ പോള്‍ ചടങ്ങില്‍ സംബന്ധിച്ചു

No comments:

Post a Comment