BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

അഞ്ച് മത്സരവിഭാഗം ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവുമായി മേളയുടെ അഞ്ചാം ദിനം

മത്സരവിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവുമായാണ് മേളയുടെ അഞ്ചാം ദിനം പ്രേക്ഷകരെ വരവേറ്റത്. സോ ബി ഇറ്റ്, പര്‍വീസ്, കണ്‍സ്ട്രക്‌ടേഴ്‌സ്, ക്യാപ്ച്ചറിംഗ് ഡാഡ്, ഇനേര്‍ഷ്യ എന്നിവയാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. സ്‌റ്റോറി ടെല്ലര്‍, കളിയച്ഛന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഇന്നലെ (10.12.13) പ്രദര്‍ശിപ്പിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. മത്സരവിഭാഗ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തീയേറ്ററുകളില്‍ പ്രേക്ഷക പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മത്സരവിഭാഗത്തിലെ മലയാള ചിത്രമായ കളിയച്ഛന്‍ രണ്ടാം പ്രദര്‍ശനത്തിലും അനുവാചകരുടെ പ്രിയചിത്രമായി.
ലോകസിനിമാ വിഭാഗത്തില്‍ കിം മോര്‍ഡന്റിന്റെ ഓസ്‌ട്രേലിയന്‍ ചിത്രമായ റോക്കറ്റ് ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ആകെ 23 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. പെണ്‍ ഭ്രൂണഹത്യ വിഷയമാക്കി ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിംഗ് പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.
മെക്‌സിക്കന്‍ ചിത്രമായ അമാത് എസ്‌കലാന്റിന്റെ ഹെലി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ പിതാവിനെ തേടി പോകുന്ന ഹെലിയുടെ കഥയാണ് പറയുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലേക്കും കുടുംബ ജീവിതത്തിലെ വിള്ളലുകളിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നു.

പതിനേഴാമത് ചലച്ചിത്രമേളയില്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഋതുപര്‍ണ്ണഘോഷിന്റെ ചിത്രാംഗദ ഇത്തവണ അദ്ദേഹത്തിന്റെ അനുസ്മരണ ചിത്രമായി പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തി. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗ്ഗം, ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, എ വിന്‍സന്റിന്റെ ഭാര്‍ഗ്ഗവി നിലയം, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരുടെ അഞ്ച് സുന്ദരികള്‍ എന്നിവയാണ് ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങള്‍. സിറോ ഗൊരയുടെ ദ വിന്‍ഡ് ജേണീസാണ് മേളയുടെ അഞ്ചാം ദിനത്തില്‍   സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.

No comments:

Post a Comment