BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

കല മനുഷ്യത്വത്തിനുവേണ്ടി നിലനില്‍ക്കുന്നതായിരിക്കണം: ഗൊരോണ്‍ പാസ്‌കലേവിക്

കല മനുഷ്യത്വത്തിനുവേണ്ടി നിലനില്‍ക്കുന്നതായിരിക്കണമെന്ന് സെര്‍ബിയന്‍ സംവിധായകന്‍ ഗൊരോണ്‍ പാസ്‌കലേവിക്. മേളയില്‍ ഇന്‍കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വികാരങ്ങളെ ഏറ്റവും ശക്തമായി ആവിഷ്‌ക്കരിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമയെന്നും  ലളിതമായ വിഷയങ്ങള്‍ സിനിമയാക്കാനാണ് എനിക്കേറെയിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന് തന്റെ സൃഷ്ടികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനും പിഴവുകള്‍ സ്വയം തിരുത്തുന്നതിനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ സിനിമകള്‍ക്ക് രാഷ്ട്രീയം പശ്ചാത്തലമാകാറുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും രാഷ്ട്രീയ സിനിമകളുടെ വക്താവല്ല. രാഷ്ട്രീയം നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ എല്ലായിടത്തുമുണ്ട്. ജീവിതത്തിലോ സിനിമയിലോ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കിയിട്ടില്ല. തനിക്ക് പ്രധാനപ്പെട്ടതെന്നുതോന്നുന്ന വിഷയങ്ങളാണ് പലപ്പോഴും സിനിമയാക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേളയില്‍ പ്രദര്‍ശിപ്പിച്ച മിഡ് വിന്റര്‍ നൈറ്റ്‌സ് ഡ്രീം എന്ന സിനിമയിലൂടെ ഓട്ടിസം ബാധിച്ച സമൂഹത്തെയാണ് താന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്.

പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് സിനിമകള്‍ സ്വീകരിക്കപ്പെടുന്നത്. സത്യജിത് റേയും മൃണാള്‍ സെന്നും പോലെ മനുഷ്യനെ ആഴത്തില്‍ ചിന്തിപ്പിച്ച സംവിധായകര്‍ ഇന്ന് വിരളമാണ്. സിനിമയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ സ്വന്തമായി സിനികള്‍ നിര്‍മിക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ മേളയിലെ പ്രേക്ഷകപ്രാതിനിധ്യം തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സിനിമാ നിരൂപകനായ രംഗന്‍ ഭരദ്വാജ് പങ്കെടുത്തു.

No comments:

Post a Comment