പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍
പ്രദര്‍ശിപ്പിച്ച സീരിയസ് ഗെയിംസിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ഹാരൂണ്‍ ഫാറോക്കി
എത്തി. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഡോക്കുമെന്ററി ചിത്രീകരണം: യാഥാര്‍ഥ്യമോ സാങ്കല്‍പ്പികമോ'
എന്ന ചര്‍ച്ചയിലാണ് ഡോക്കുമെന്ററി നിര്‍മാണത്തിലെ പരിചയം ഫറോക്കി സദസുമായി പങ്കുവെച്ചത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ യഥാര്‍ഥ യുദ്ധത്തെ പുനരവതരിപ്പിച്ച ഡോക്യുമെന്ററി സീരിയസ്
ഗെയിംസ് മേളയില്‍ ശ്രദ്ധനേടിയിരുന്നു. ഡോക്കുമെന്ററി നിര്‍മാണത്തിലെ വ്യത്യസ്തമായൊരു
സമീപനമാണ് ചിത്രം.
റൊമാനിയന്‍ വിപ്ലവത്തിന്റെ അഞ്ച് ദിനങ്ങള്‍
ഒപ്പിയെടുത്ത വീഡിയോഗ്രാംസ് ഓഫ് എ റെവല്യൂഷന്റെ ചിത്രീകരണാനുഭവങ്ങളും ഫറൂക്കി പങ്കുവെച്ചു.
സാങ്കേതികവിദ്യ വികാസത്തിലെത്തിയിട്ടില്ലാത്ത കാലമായിരുന്നതിനാല്‍ നല്ല ഫൂട്ടേജുകള്‍
ലഭിക്കുക എളുപ്പമല്ലായിരുന്നു. ചിത്രത്തിലെ വീഡിയോയുടെ ഗുണനിലവാരമില്ലായ്മ കാരണം സിനിമാ
ചിത്രീകരണത്തില്‍ പ്രാഗത്ഭ്യം കുറഞ്ഞയാളുകള്‍ ക്യാമറ കൈകാര്യം ചെയ്തതിനാലാണെന്ന് അദ്ദേഹം
വിശദീകരിച്ചു. എന്നാലിന്ന് മാറിയ കാലഘട്ടത്തില്‍ ഡോക്കുമെന്ററി നിര്‍മാണം താരതമ്യേന
എളുപ്പമാണ്. വ്യക്തതയുള്ള ധാരാളം നല്ല ഫൂട്ടേജുകള്‍ ഇന്ന് ലഭ്യമാണ്.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന യാഥാര്‍ഥ്യങ്ങളെ
സമൂഹത്തിന് മുന്നിലെത്തിക്കാന്‍ കാമറയ്ക്ക് സാധിക്കും. എന്നാല്‍ ആ പ്രയത്‌നത്തിന്റെ ഉദ്ദേശശുദ്ധിയും ഗുണഫലവും
അനാവരണം ചെയ്യുന്നതിന് മികച്ച രീതിയില്‍ കാമറ കൈകാര്യം ചെയ്യുക തന്നെ വേണം.
സിനിമാ നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും
സിനിമാപ്രേമികളും പങ്കെടുത്ത ചര്‍ച്ചയില്‍ ഡോക്കുമെന്ററി നിര്‍മാണത്തിന്റെ വിവിധ തലങ്ങള്‍,
എഡിറ്റിങ്, കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഹോട്ടല്‍ ഹൈസിന്തിലായിരുന്നു
പരിപാടി.
No comments:
Post a Comment