ലോകസിനിമകളുടെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച
18 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനചടങ്ങുകള്‍ ഇന്ന് (ഡിസംബര്‍ 13) വൈകിട്ട്
ആറിന് നടക്കും. നിശാഗന്ധിയില്‍ ഒരുക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രശസ്ത സൗത്ത്
കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും മലയാളചലച്ചിത്രപ്രതിഭ മധുവിനെയും മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി ആദരിക്കും. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. ആര്‍ട്ടിസ്റ്റിക്
ഡയറക്ടര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
മത്സരവിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരമുള്‍പ്പെടെ
ഏഴ് പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ സമ്മാനിക്കുക. മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച
സംവിധായകന് രജതചകോരവും ലഭിക്കും. ഫിപ്രസി, നെറ്റ്പാക്, പുരസ്‌കാരങ്ങളും ഇതോടൊപ്പം സമ്മാനിക്കും.
പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച ചിത്രം, സംവിധായകന്‍, പ്രഥമചിത്രം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. മികച്ച
പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരും
ജൂറികള്‍ക്കുള്ള ഉപഹാരം അക്കാദമി ചെയര്‍മാന്‍ എസ്. പ്രിയദര്‍ശനും സമ്മാനിക്കും. മികച്ച
റിപ്പോര്‍ട്ടിങ്ങിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ എന്നീ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം
യഥാക്രമം കെ.സി. ജോസഫ്, മെയര്‍ കെ. ചന്ദ്രിക, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ് , കെ.
മുരളീധരന്‍ എന്നിവര്‍ വിതരണം ചെയ്യും.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്,
ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റൈന്‍, നെറ്റ്പാക് ജൂറി മാര്‍ക്ക് സ്‌കില്ലിങ്, ഫിപ്രസി ജൂറി ഡെറക് മല്‍കോം, അക്കാദമി വൈസ് ചെയര്‍മാന്‍
ഗാന്ധിമതി ബാലന്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ എന്നിവര്‍
സംബന്ധിക്കും. പ്രിയദര്‍ശന്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍
നായര്‍ നന്ദിയും പ്രകാശിപ്പിക്കും. സമാപനസമ്മേളനത്തെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ.
രാജീവ് കുമാര്‍ ഒരുക്കുന്ന ദൃശ്യവിരുന്നും അരങ്ങേറും.
No comments:
Post a Comment