18 ാമത് രാജ്യാന്തര
ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള ചലച്ചിത്രത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞ
പ്രമുഖവ്യക്തികളെ അനുസ്മരിച്ചു. സംഗീതത്തിന്
ശാസ്ത്രീയതയുടെ അംഗലാവണ്യം പകര്‍ന്ന വി. ദക്ഷിണാമൂര്‍ത്തി, അഭിനയത്തികവിന്റെ മാതൃഭാവമായിരുന്ന സുകുമാരി, നാട്ടീണങ്ങളുടെ പാട്ടുകാരന്‍ കെ. രാഘവന്‍, പ്രശസ്ത കലാസംവിധായകന്‍
എസ്. കൊന്നനാട്ട് എന്നിവരെയാണ് ഹോട്ടല്‍ ഹൈസിന്തില്‍ ഒരുക്കിയ ചടങ്ങില്‍ പ്രമുഖര്‍
അനുസ്മരിച്ചത്. ശ്രദ്ധാഞ്ജലി പരമ്പരയിലുള്‍പ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച
മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.
മലയാള ചലച്ചിത്രശാഖയ്ക്ക്
വി. ദക്ഷിണാമൂര്‍ത്തി നല്‍കിയ സംഭാവന പകരംവയ്ക്കാനാവാത്തതാണെന്ന് ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു. മലയാള സിനിമയുടെ ബാല്യദശയില്‍ തുടങ്ങി പുതുതലമുറയോടൊപ്പം
വരെ അഭിനയിച്ച് കഴിവുതെളിയിച്ച സുകുമാരിയുടെ ബന്ധുവാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കലാകാരിയെന്നതിലുപരി തനിക്ക് സുകുമാരി ചേച്ചിയും അമ്മയുമാണെന്ന്
സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത അരപ്പട്ട
കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തിനുവേണ്ടി അവര്‍ നടത്തിയ പരിശ്രമങ്ങള്‍ ചെറുതല്ല.
സുകുമാരി ഒടുവില്‍ അഭിനയിച്ച അയാള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും സുരേഷ് ഉണ്ണിത്താന്‍
പങ്കുവെച്ചു.
പാട്ട് കേട്ടുതുടങ്ങിയ
കാലത്തുതന്നെ മനസ്സില്‍ കൂടുകൂട്ടിയ വ്യക്തിയാണ് രാഘവന്‍ മാഷെന്ന് ഗാനരചയിതാവ് പൂവച്ചല്‍
ഖാദര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രവര്‍ത്തിയില്‍ പിഴവ് സംഭവിക്കുമ്പോള്‍ മാത്രമാണ്
കലാസംവിധായകന്‍ തിരിച്ചറിയപ്പെടുകയെന്ന എസ്. കൊന്നനാട്ടിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ്
സംവിധായകന്‍ നേമം പുഷ്പരാജ് കൊന്നനാട്ടിനെ അനുസ്മരിച്ചത്.
സുകുമാരിയുടെ സിനിമാ
ജീവിതത്തെക്കുറിച്ച് എം.എസ്. ദിലീപ് രചിച്ച പുസ്തകം പ്രിയദര്‍ശന്‍ മിഴികള്‍ സാക്ഷി
എന്ന ചിത്രത്തിന്റെ സംവിധായകന്‍ അശോക് ആര്‍. നാഥിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
കൊന്നനാട്ടിനെക്കുറിച്ച് കാനേഷ് പൂനൂര്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം സംവിധായകന്‍
ടി.കെ. രാജീവ് കുമാര്‍ നിര്‍വഹിച്ചു. നേമം പുഷ്പരാജ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ഡോ. എം.ഡി. മനോജ് എഡിറ്റ് ചെയ്ത 'കെ. രാഘവന്‍: പാട്ടിന്റെ
ഋതുരാജരഥം' എന്ന പുസ്തകം ഗാനരചയിതാവ് ബിച്ചു തിരുമല പൂവച്ചല്‍
ഖാദറിന് നല്‍കി പ്രകാശനം ചെയ്തു.
No comments:
Post a Comment