BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday, 9 December 2013

വൈവിധ്യമാര്‍ന്ന ജീവിതക്കാഴ്ചകളിലൂടെ മേളയുടെ നാലാം ദിനം

സിനിമാസ്വാദകരുടെ സജീവമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മേളയുടെ നാലാം ദിനത്തില്‍ അഭ്രപാളിയിലെത്തിയ വൈവിധ്യമാര്‍ന്ന ജീവിതക്കാഴ്ചകള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. മാര്‍ക്കോ ബെലുചിയോയുടെ ഡോര്‍മെന്റ് ബ്യൂട്ടിയും കിതാവെ സ്‌ളോന്‍സ്‌കിയുടെ ഇന്‍ ഹൈഡിംഗും വീണാ ബക്ഷിയുടെ ദി കോഫിന്‍ മേക്കറും ലൂസിയയുടെ ജര്‍മ്മന്‍ ഡോക്ടറും ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ പ്രേക്ഷക ഹൃദയം കീഴടക്കി.
     17 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന മകളുടെ ദയാവധത്തിനുവേണ്ടി അച്ഛന്‍ നടത്തുന്ന നിയമപോരാട്ടത്തിന്റെ കഥയാണ് ഡോര്‍മെന്‍ ബ്യൂട്ടി. പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം ജീവിതം, മരണം, പ്രണയം എന്നിവ ഇഴ ചേര്‍ത്തെടുത്ത മനോഹര സൃഷ്ടിയാണ്.
     ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ ഹൈഡിംഗ് ആസ്വാദകരില്‍ മികച്ച പ്രതികരണം ഉളവാക്കി. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
     ശവപ്പെട്ടി നിര്‍മാതാവായി മാറിയ ആന്റണ്‍ എന്ന മരപ്പണിക്കാരന്റെ ഹൃദയസ്പൃക്കായ കഥ പറയുന്ന വീണാ ബക്ഷിയുടെ ദി കോഫിന്‍ മേക്കറും പ്രേക്ഷകശ്രദ്ധ നേടാനായി. ആന്റണിന്റെ വിരസമായ ജീവിതത്തിന്റെഅര്‍ഥം മനസ്സിലാക്കിക്കൊടുക്കാന്‍ മറ്റൊരാള്‍ വരുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്.
     അതിക്രൂരമായ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിയതിന് യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട നാസി ഡോക്ടര്‍ ജോസഫ് മെങ്കലിനെ കേന്ദ്രീകരിച്ച ജര്‍മന്‍ ഡോക്ടറും പ്രേക്ഷകര്‍ക്ക് നവ്യാനുഭവമേകി.

     വിവിധ വിഭാഗങ്ങളിലായി 57 ചിത്രങ്ങളാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്.

No comments:

Post a Comment