പ്രമേയത്തിലും
ആവിഷ്‌ക്കാരത്തിലും സത്യസന്ധത പുലര്‍ത്തിയാല്‍ നല്ല ചിത്രങ്ങള്‍ ഏത് ഭാഷയില്‍
ചിത്രീകരിക്കുന്നതിനും തടസ്സമാവില്ലെന്ന് പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേവ്
ദാസ് ഗുപ്ത അഭിപ്രായ പ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന
പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിലുള്ള സത്യസന്ധത പൂര്‍ണ്ണമായും
നിലനിര്‍ത്താന്‍ വേണ്ടിയാണ് തന്റെ ചിത്രങ്ങള്‍ക്ക് സ്വന്തമായി തിരക്കഥ
രചിക്കുന്നത്. മേളയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിച്ച തന്റെ പുതിയ ചിത്രമായ സ്‌നിഫറില്‍
പ്രധാന കഥാപാത്രമായി നവസുദീന്‍ സിദ്ദിഖിയെ തീരുമാനിച്ചതില്‍ നിര്‍മ്മാതാവ് എതിര്‍പ്പ്
പ്രകടിപ്പിച്ചു. പുതിയ നിര്‍മ്മാതാവിനെ കണ്ടെത്തിയതിന് ശേഷമാണ് ചിത്രവുമായി
മുന്നോട്ടുപോയത്.
രാഷ്ട്രീയം, മതം എന്നിവ തന്റെ ചിത്രങ്ങളില്‍ പ്രധാന വിഷയമാവാത്തത്
അവയുടെ എല്ലാ വശങ്ങളും ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍
കുറവായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച്
സിനിമയെടുക്കുന്ന ഒരു കഥാകാരനെന്ന് അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്ന്
കന്നഡയിലെ പുതുതലമുറ സംവിധായകന്‍ പവന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തന്റെ പുതിയ ചിത്രമായ ലൂസിയയുടെ
നിര്‍മ്മാണത്തില്‍ വളരെയേറെ സഹായിച്ചുവെന്നും ചലച്ചിത്രനിര്‍മ്മാണമേഖലയിലേക്കുള്ള
സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് പ്രതിഭാശാലികളായ സംവിധായകന്മാര്‍ക്ക് കൂടുതല്‍
അവസരങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാടക കലാരംഗത്ത് നിന്നും വന്ന
തനിക്ക് തന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സിനിമ കൂടുതല്‍ സ്വാതന്ത്ര്യം
നല്‍കിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഫെസ്റ്റിവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍
ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വേണുഗോപാല്‍ സന്നിഹിതയായിരുന്നു.
No comments:
Post a Comment