BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday, 9 December 2013

മേളയില്‍ ഇന്ന് 58 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ഇന്ന് 58 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സോ ബി ഇറ്റ്, പ്രിവിസ്, കണ്‍സ്ട്രക്‌ടേഴ്‌സ്, ക്യാപ്ച്ചറിംഗ് ഡാഡ്, വിനേര്‍ഷ്യ എന്നീ അഞ്ച് മത്സരവിഭാഗ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണിന്ന്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഉമ്പെര്‍ട്ടോ പസോളിനിയുടെ സ്റ്റില്‍ ലൈഫ് ഉള്‍പ്പെടെ 23 ചിത്രങ്ങള്‍ ലോകസിനിമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കായെത്തും.
പാകിസ്ഥാനിലെ അനധികൃത കുടിയേറ്റത്തെ കുറിക്കുന്ന ചിത്രമാണ് സിന്ദാബാഗ്. അപകടകരവും മനുഷ്യത്വരഹിതവുമായ കാര്യങ്ങള്‍ ചെയ്യുന്നത് ആണത്തമായി കരുതുന്ന മൂന്ന് യുവാക്കളുടെ കഥയാണ് മീനു ഗൗറിന്റെ  ഈ ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. പാകിസ്ഥാനിലെ യുവാക്കളുടെ ജീവിതത്തിന്റെ നേര്‍ച്ചിത്രമാണിത്.
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ പിതാവിനെ തേടിപ്പോകുന്ന ഹെലിയുടെ യാത്രയാണ് ഹെലി എന്നു തന്നെ പേരിട്ടിരിക്കുന്ന ഈ ചിത്രം. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലേക്കും കുടുംബജീവിതത്തിലെ വിള്ളലുകളിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നു.
ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഉമ്പെര്‍ട്ടോ പസ്സോളിനിയുടെയു സ്റ്റില്‍ ലൈഫും, യുദ്ധത്തില്‍ ദരിദ്രമാക്കപ്പെട്ട ശീത രാജ്യത്തിലൂടെയുള്ള ദൃശ്യസഞ്ചാരമായ ഇവാ നെയ്മാന്റെ ഹൗസ് വിത്ത് എ ടുറേറ്റയും സ്‌ക്രീനിലെത്തും. സമുറായ് സിനിമാ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കായെത്തുന്നത് കെഞ്ചി മിസോ ഗുജിയുടെ ക്രൂസിഫൈഡ് ലവേഴ്‌സാണ്. കച്ചവടക്കാരനായ ഇഷൂനിന്റെ ഭാര്യ ഒസാനും അയാളുടെ ജോലിക്കാരന്‍ മൊഹേയിയുടെയും ദുരന്ത പര്യവസായിയായ പ്രണയകഥയാണിത്.
ഇറ്റാലിക്കന്‍ റാഡിക്കന്‍ സിനിമയുടെ വക്താവായ മാര്‍ക്കോ ബെല്ലൂച്ചിയോയുടെ വെഡ്ഡിംഗ് ഡയറക്ടറിന്റെയും വിന്‍സിയറിന്റെയും രണ്ടാമത്തെ പ്രദര്‍ശനമാണിന്ന്. ബെനിറ്റോ മുസ്സോളിനിയുടെ ജീവചരിത്രമാണ് വിന്‍സിയറിലെ പ്രമേയം. വിരസമായ സിനിമാ തിരക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് മനഃസമാധാനത്തിനായി പൗരാണിക സിസിലിയന്‍ നഗരത്തിലെത്തുന്ന പ്രസിദ്ധ സംവിധായകന്‍ ഫ്രാങ്കോ എലിസയുടെ കഥയാണ് വെഡ്ഡിംഗ് ഡയറക്ടര്‍ പറയുന്നത്.
സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തില്‍ വിന്‍ഡ് ജേര്‍ണീസും ടോപ്പ് ആങ്കിള്‍ സിനിമാ വിഭാഗത്തില്‍ ലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ്, ഹോമേജ് വിഭാഗത്തില്‍ കുട്ടിച്ചാത്തനും മേളയില്‍ ഇന്ന് ആസ്വാദകരുടെ മുന്നിലെത്തും.

No comments:

Post a Comment