ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന
സംവിധായകന്‍ കിംകി ഡുക്ക് മേളയുടെ ഭാഗമാകാന്‍ അനന്തപുരിയിലെത്തി. അദ്ദേഹത്തിന്റെ മോബിയസ് ഇന്ന് ആദ്യ പ്രദര്‍ശനത്തിനെത്തുന്നു. കൊറിയയില്‍
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ചിത്രം കുടുംബബന്ധങ്ങളിലുണ്ടാകുന്ന ഉരസലുകളെ
കിംകി ഡുക്കിന്റെ ശൈലിയില്‍ അവതരിപ്പിക്കുന്നു. അഞ്ജലി തീയേറ്ററില്‍ 11.30ന് പ്രദര്‍ശിപ്പിക്കും.
ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച അന അറേബ്യ
ഇന്ന് 11.30ന് രമ്യയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു. ഒറ്റ സീക്വന്‍സില്‍ ചിത്രീകരിച്ച
85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ സമൂഹത്തില്‍ നിന്നും ഭ്രഷ്ടരാക്കപ്പെടുന്ന
മനുഷ്യരുടെ കഥയാണ് സംവിധായകന്‍ അമോസ് ഗിതായി പറയുന്നത്. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന
ഗ്രേറ്റ് ബ്യുട്ടി, ദ പാസ്റ്റ്, ദ ഹണ്ട്, ബാഡ് ഹെയര്‍, ഹെയ്‌ലി എന്നീ ചിത്രങ്ങള്‍ ഇന്ന്
ദൃശ്യവിരുന്നേകും.
റോമിലെ നിശാക്ലബുകളിലും വേശ്യ തെരുവുകളിലും തനിക്ക്
എന്നോ നഷ്ടപ്പെട്ട കാല്‍പ്പനികതയെ തേടുന്ന പത്രപ്രവര്‍ത്തകന്‍, ധീരവും സ്വതന്ത്രവുമായ
പൗലോ സൊരന്റിനോയുടെ സംവിധാന ശൈലിയുടെ സൃഷ്ടിയാണ്. ഭൂതകാലത്തിന്റെ വ്യത്യസ്തമായൊരു അടയാളപ്പെടുത്തല്‍
കൂടിയാണ് സൊരന്റിനോയുടെ ഗ്രേറ്റ് ബ്യൂട്ടി.
ആദ്യ പ്രദര്‍ശനത്തില്‍ വന്‍ പ്രേക്ഷക പിന്തുണ
നേടിയ അമദ് എസ്‌കലാമിന്റെ ചിത്രം ഹേലി കുറ്റകൃത്യങ്ങളിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലും
പെട്ടുഴലുന്ന മെക്‌സിക്കയിലെ സാധാരണ ജീവിതത്തിലേക്കാണ് ക്യാമറ തിരിച്ചിരിക്കുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം
നേടിയ ദ ഹണ്ട് കെട്ടുകഥകളും വിദ്വേഷവും എളുപ്പം വളരുന്ന ഒരു സമൂഹത്തില്‍ ആത്മാഭിമാനത്തിന്
വേണ്ടി പോരാടുന്ന ലൂക്കാസിന്റെ ജീവിതകഥ പറയുന്നു. അമ്മയും കുട്ടികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ
വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണ് ദ പാസ്റ്റും ബാഡ് ഹെയറും. വൈകാരിക തലങ്ങളെ ആഴത്തില്‍
ആവിഷ്‌ക്കരിക്കാനുള്ള സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്
ദ പാസ്റ്റ്. മരിയാന റോണ്‍ഡോണിന്റെ ബാഡ് ഹെയര്‍ മാതൃസ്‌നേഹത്തിന്റെ പുതുമയാര്‍ന്ന ആഖ്യാനമാണ്.
ഫ്രഞ്ച് സംവിധായിക ക്ലയര്‍ ഡെനിസിന്റെ 35 ഷോട്‌സ്
ഓഫ് റം, നോ ഫിയര്‍ നോ ഡൈ എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. റിതേഷ് ബത്രസംവിധാനം
ചെയ്ത ഹിന്ദി ചിത്രം ലഞ്ച് ബോക്‌സ് ടോപ് ആങ്കിള്‍
വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഗൃഹാതുരതയുടെയും പ്രത്യാശയുടെയും കഥയാണ് ചിത്രം
പറയുന്നത്. അഭ്രപാളികളില്‍ ഭിന്ന ലൈംഗികതയുടെ ചിത്രം സധൈര്യം പകര്‍ത്തിയ ബംഗാളി സംവിധായകന്‍
ഋതുപര്‍ണ്ണഘോഷിന്റെ മെമ്മറീസ് ഇന്‍ മാര്‍ച്ച്
ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രമായി സംവിധായകന്‍
സ്‌ക്രീനിലെത്തും.
സാധാരണക്കാരുടെ ജീവിതപ്രാരാബ്ദങ്ങളും സ്വപ്നങ്ങളും
ചിത്രീകരിച്ച സംവിധായകന്‍ ഗൊരാന്‍ പാസ്‌കല്‍ജെവിക്കിന്റെ വെന്‍ ഡേ ബ്രേക്‌സ് ശ്രീവിശാഖില്‍
പ്രദര്‍ശിപ്പിക്കുന്നു. ന്യൂ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ വാട്ട് ദേ ഡോണ്ട് ടോക്ക്
എബൗട്ട് വെന്‍ ദേ ടോക്ക് എബൗട്ട് ലൗ അവസാന
പ്രദര്‍ശനത്തിനെത്തും. ചൈനീസ് ചിത്രം ലോഞ്ചിംഗ് ഫോര്‍ റെയ്‌നും ഈ വിഭാഗത്തില്‍ ഇന്ന്
പ്രദര്‍ശിപ്പിക്കും.
24 കാരനായ മകന്റെ മരണത്തില്‍ തകര്‍ന്ന വൃദ്ധ ദമ്പതികള്‍
പുനര്‍ജന്മത്തിലൂടെ അവനെ തിരിച്ചുകിട്ടുമെന്ന് വിശ്വസിക്കുന്നു. വ്യത്യസ്തമായൊരു പ്രമേയവുമായെത്തിയ
സഞ്ജീവ് ശിവന്‍ ചിത്രം വേനലൊടുങ്ങാതെ മലയാള
സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ സുദേവന്‍ പി.പിയുടെ സി.ആര്‍.
നമ്പര്‍ 89 ന്റെ രണ്ടാം പ്രദര്‍ശനവും ഇന്ന് നടക്കും. മത്സരവിഭാഗത്തില്‍ നിന്നുള്ള സ്റ്റോറി
ടെല്ലര്‍, കളിയച്ഛന്‍, പര്‍വീസ്, ജൊനാഥന്‍സ് ഫോറസ്റ്റ്, ഇനേര്‍ഷ്യ എന്നിവയുടെ അവസാന
പ്രദര്‍ശനമാകും ഇന്ന് നടക്കുക. ലോക സിനിമാ വിഭാഗത്തില്‍ നിന്നുള്ള 24 ചിത്രങ്ങളും മത്സരവിഭാഗത്തില്‍
നിന്നുള്ള ഏഴ് ചിത്രങ്ങളും ഉള്‍പ്പെടെ 53 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി
പ്രദര്‍ശിപ്പിക്കും. പ്രധാനവേദിയായ കൈരളിയില്‍ മത്സരവിഭാഗം ചിത്രങ്ങള്‍ മാത്രമായിരിക്കും
ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
No comments:
Post a Comment