BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday, 8 December 2013

ജെ.സി. ഡാനിയേല്‍ സിനിമയെ വേറിട്ടുകണ്ട ആദ്യ ഇന്ത്യന്‍ സംവിധായകന്‍: കമല്‍

പുരാണ സിനിമകളുടെ കാലഘട്ടത്തില്‍ സിനിമയെ വ്യത്യസ്തമായി സമീപിച്ച ആദ്യ ഇന്ത്യന്‍ സംവിധായകനാണ് മലയാള സിനിമയുടെ പിതാവ് കൂടിയായ ജെ.സി. ഡാനിയേല്‍ എന്ന് പ്രശസ്ത സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ ഭാഗമായി 'സമകാലീന മലയാള സിനിമ; മാറ്റങ്ങളും വെല്ലുവിളികളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ തലമുറയ്ക്ക് സിനിമയെന്നത് ദീര്‍ഘകാലം ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്നവും ആഗ്രഹവുമായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമയെ കൈവെള്ളയില്‍ എത്തിക്കുന്നു. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന പ്രതിഭാസമാണ് ന്യൂ ജനറേഷനെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കമല്‍ പറഞ്ഞു. പുതിയ ചിന്തയേയും ആവിഷ്‌ക്കാര ശൈലിയേയും തിരിച്ചറിയാനും അംഗീകരിക്കാനും നമുക്ക് കഴിയണം. ചരിത്രം മറക്കാതിരുന്നാല്‍ മാത്രമേ പുതിയതലമുറക്ക് പുതിയചരിത്രം രചിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണ സ്വാതന്ത്ര്യത്തോടെ കലാകാരന് സിനിമ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്ന് സംവിധായകന്‍ ലിജോജോസ് പല്ലിശേരി അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ഉള്ളിലെ നാര്‍സിസത്തെ തൃപ്തിപ്പെടുത്തുന്ന കലാരൂപമാണ് സിനിമ. മലയാളികള്‍ ഫിക്ഷന്‍ മറന്നുതുടങ്ങിയിരിക്കുന്നു.  കലാകാരന്റെ പ്രതിബദ്ധതി സമൂഹത്തോടല്ല കലയോടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പണത്തിനുവേണ്ടിയല്ല നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് നിര്‍മാതാവ് സാന്ദ്രാതോമസ് പറഞ്ഞു. സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുവെന്നതാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത്. സിനിമ കാണാതെ സിനിമയെക്കുറിച്ച് അഭിപ്രായങ്ങളെഴുതുന്നത് ആ സൃഷ്ടിയെ ഇല്ലായ്മചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താരരഹിത സിനിമകള്‍ പലപ്പോഴും അസാധ്യമാകുന്നത് സാറ്റ്‌ലൈറ്റ് പിന്തുണ ലഭിക്കാത്തതുകൊണ്ടാണ്. പണം കൊണ്ടുമാത്രം സാധ്യമാകുന്ന കലാരൂപമാണ് സിനിമ. മൂലധനവും ആവിഷ്‌കാരവും തമ്മിലുള്ള അനുപാതം ശരിയാണെങ്കില്‍ മാത്രമേ നല്ല സിനിമ ഉണ്ടാകുകയുള്ളു എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു.

ചലച്ചിത്ര അക്കാദമി മെമ്പര്‍ റോയ് പീച്ചാട്ട് അധ്യക്ഷത വഹിച്ച സെമിനാറില്‍ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍, ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍, സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള, ചലച്ചിത്ര നിരൂപകന്‍ പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു. തിരക്കഥാകൃത്ത് ദീദി ദാമോധരന്‍ മോഡറേറ്ററായിരുന്നു.

No comments:

Post a Comment