മലയാളികള്‍ ഓണത്തെയെന്ന പോലെ കാത്തിരിക്കുന്ന ഉത്സവമായി ചലച്ചിത്രമേള മാറിക്കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നു. ഏഴു ദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ ഈ മേളയെ നെഞ്ചോടുചേര്‍ത്ത സിനിമാപ്രേമികള്‍ സംതൃപ്തരാണ്.
സാര്‍ഥകമായൊരു സിനിമാ തീര്‍ഥാടനം കഴിഞ്ഞ് ഇന്ന് രാത്രിയോടെ ഡെലിഗേറ്റുകള്‍ മടങ്ങും. രാവിനെ പകലാക്കി ലോക സിനിമയുടെ പുതിയ പ്രവണതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി, വഴിയോരങ്ങളിലും തീയേറ്ററുകളിലും ആസ്വാദകര്‍ മേളയെ ഉത്സവമാക്കി. പുതിയ തലമുറയുടെ സജീവമായ പങ്കാളിത്തവും വനിതാ പ്രാതിനിധ്യവും മേളയെ സവിശേഷമാക്കിയിരുന്നു. എട്ടുനാളുകള്‍ വിവിധ സംസ്‌കാരങ്ങളുടെ ജീവിതരീതികളുടെ ഭാഷകളുടെ സംഗമ വേദിയായി മേള. പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 10,000ത്തോളം സിനിമാപ്രേമികള്‍ മേളയെ സജീവമാക്കി. പരാതികളും പരിഭവങ്ങളും ഉണ്ടായെങ്കിലും അതൊക്കെ വലിയ സംഘാടനത്തിലെ സ്വാഭാവിക പിഴവുകള്‍ മാത്രമായി പരിഗണിക്കാന്‍ പ്രതിനിധികള്‍ വിശാലമനസ്‌ക്കരായി കഴിഞ്ഞു.
സിനിമയിലെ മഹാരഥന്മാരോടൊപ്പം പുതുതലമുറ സംവിധായകര്‍ക്കും ഈ ചലച്ചിത്രമേള അവസരം നല്‍കി. സര്‍ഗ്ഗാത്മകതയില്‍ വിസ്മയം തീര്‍ത്ത ലോകസിനിമാവിഭാഗം, ജപ്പാനിലെ ആത്മവീര്യമുള്ള ധീരയോദ്ധാക്കളുടെ കഥ പറയുന്ന സമുറായ് ഫിലിംസ് വിഭാഗം, ലാറ്റിനമേരിക്കയില്‍ നിന്നുള്ള സംവിധാന സംരംഭങ്ങളുടെ പാക്കേജ് സ്ട്രീറ്റ് ഫിലിം മേക്കിംഗ്, നൈജീരിയയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയ കണ്‍ട്രി ഫോക്കസ് തുടങ്ങിയ 16 വിഭാഗങ്ങള്‍ മേളയില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ മുംബൈയുടെ പശ്ചാത്തലത്തില്‍ ഗൃഹാതുരതയ്ക്ക് പുതിയമാനം നല്‍കിയ ലഞ്ച് ബോക്‌സ് മരണത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ കോഫിന്‍ മേക്കര്‍, ജാതീയത പ്രമേയമായ ഫാന്‍ഡ്രി, കുറ്റാന്വേഷണത്തിന് വേറിട്ട മാനങ്ങള്‍ നല്‍കിയ ബുദ്ധദേവ ദാസ് ഗുപ്ത ചിത്രം സ്‌നിഫര്‍ എന്നിവ നിറഞ്ഞ കയ്യടിയോടെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. ബംഗാളി സിനിമയില്‍ ഭവാത്മക ചലനങ്ങളുടെ പുത്തനേടുകള്‍ എഴുതിച്ചേര്‍ത്ത സംവിധായകന്‍ ഋതുപര്‍ണ്ണഘോഷ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ വരവേല്‍പ്പ് ആ കലാകാരനുള്ള പൂച്ചെണ്ടുകളായി. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്ന് പറയുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരേ സ്വരം.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഓസ്‌ട്രേലിയന്‍ ചിത്രം ദ റോക്കറ്റ്, ഫ്രഞ്ച് ചിത്രം ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍, എന്നിവ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അനവധി ചിത്രങ്ങളില്‍ ചിലതുമാത്രം.
ഇന്ത്യന്‍ സംസ്‌കാരം സ്വാധീനിച്ച ജര്‍മ്മന്‍ ചിത്രങ്ങളും ജര്‍മ്മനിയില്‍ നിന്നും കടം കൊണ്ട ആവിഷ്‌കാര ശൈലിയില്‍ ഉടലെടുത്ത ഇന്ത്യന്‍ ചിത്രങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച എക്‌സ്പ്രഷനിസം വിഭാഗം മേളയ്ക്ക് പുതുമുഖം സമ്മാനിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത കാര്‍ലോസ് സോറ, തന്റെ വേറിട്ട ആഖ്യാന ശൈലിയിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കിം കി ഡുക്ക്, ശക്തമായ നിലപാടുകളിലൂടെ സാമൂഹികാവസ്ഥകളെ ചോദ്യം ചെയ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെലൂചിയോ, സെര്‍ബിയന്‍ സംവിധായകന്‍ ബൊറാന്‍ പാസ്‌കല്‍ ജെവിക്, അപ്രിയ സത്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഡോക്യുമെന്ററികളിലൂടെ ചലച്ചിത്ര ലോകത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറിയ ജര്‍മ്മന്‍ സംവിധായകന്‍ ഹാറൂണ്‍ ഫറോക്കി എന്നീ മഹാരഥന്മാരുടെ സാന്നിധ്യം ചലച്ചിത്രമേളയ്ക്ക് മിഴിവേകി.
സിനിമാപ്രദര്‍ശനങ്ങള്‍ക്കുപരി സിനിമയുടെ അകത്തളങ്ങളെ അടുത്തറിയാന്‍ സംവിധായകരും പ്രധാന സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത വിവിധ സെമിനാറുകളും ചര്‍ച്ചകളും സിനിമയെ മോഹസ്വപ്നമായി ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഉള്‍ക്കാഴ്ചയേകുന്നതായി. സംവിധായകര്‍ക്ക് പ്രേക്ഷകരുമായി സംവദിക്കാനായി ശ്രീ തീയേറ്ററില്‍ എല്ലാ ദിവസവും സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടര്‍, ചലച്ചിത്ര വിശേഷങ്ങള്‍, പ്രമുഖ വ്യക്തികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ച പ്രസ് കോണ്‍ഫറന്‍സ്, പ്രമുഖ ചലച്ചിത്രവ്യക്തികള്‍ കാണികളുമായി മനസ്സുതുറക്കുന്ന ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം ലഭിച്ചു.
പ്രധാന വേദിയായ കൈരളി നിരന്തരമായ സാമൂഹിക ഇടപെടലുകളുടെ വേദിയായി. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി കൈരളിയുടെ പടവുകള്‍. പാട്ടുപാടുന്നതിനും ചിത്രം വരയ്ക്കുന്നിതനും ചെസ് കളിക്കുന്നതിനും കൈരളിയുടെ പടവുകള്‍ സാക്ഷ്യം വഹിച്ചു. സിനിമകള്‍ കണ്ട് അലഞ്ഞുതളര്‍ന്ന് കൈരളിപ്പടവുകളില്‍ വിശ്രമിക്കുവാനും ചര്‍ച്ച ചെയ്യാനും ഓരോ സിനിമാ പ്രേക്ഷകനും എത്തുമ്പോള്‍ പുതിയ ലോകം രൂപപ്പെടുകയാണിവിടെ.
പുതിയ ചിന്തകളും നവീന ആശയങ്ങളുമായി ഒരു തലമുറ മേള കണ്ടിറങ്ങുമ്പോള്‍ നവീനമായ ഒരു ദൃശ്യാനുഭവത്തിന്റെ ഓര്‍മ്മകള്‍ അവര്‍ എന്നും സൂക്ഷിക്കും.
കിം കി ഡുക്കിന്റെ സാന്നിധ്യം മേളയെ എന്നും ഓര്‍മ്മിക്കുന്ന അനുഭവമാക്കും. സിനിമകള്‍ കണ്ട് ആരാധകരായി മാറിയ പ്രതിനിധികള്‍ക്ക് കിമ്മിന്റെ സാന്നിധ്യം സ്വപ്നസാഫല്യമാണ്. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ കിമ്മിന്റെ മേളയിലെ സാന്നിധ്യം പ്രതിനിധികള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരും. ക്രൂരതയും അക്രമവും സൗന്ദര്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ഈ ചലച്ചിത്രകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതസന്ദേശം ഉള്‍ക്കൊള്ളുവാന്‍ നമുക്കാവുമോ. ജീവിതത്തിന് പുതിയ ദൃശ്യ വ്യാഖ്യാനം നല്‍കിയ ഈ ചലച്ചിത്രകാരന്റെ സൗമ്യമായ സാന്നിധ്യം നമ്മെ അത്ഭുതപ്പെടുത്തും. ലളിതവും സൗമ്യവും ശാന്തവുമായ വ്യക്തിയില്‍ നിന്നാണ് നിഷേധാത്മകമായ സൗന്ദര്യ സൃഷ്ടികള്‍ ചലച്ചിത്രലോകത്തിന് ലഭിച്ചതെന്ന് നാം ഒരു നിമിഷം ചിന്തിച്ച് പോകും.
ഇനി അടുത്ത മേളയ്ക്ക് കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങുന്ന ഓരോ ഫെസ്റ്റിവല്‍ പ്രേമിയും ഒരു പിടി നല്ല ഓര്‍മ്മകളുമായാണ് അനന്തപുരിയോട് വിടപറയുന്നത്.
64 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി 211 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ലോ സോറ, കിം കി ഡുക്ക് എന്നിവരുടെ സാന്നിധ്യം മേളയെ കൂടുതല്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നതാക്കി.
പ്രധാനവേദിയായ കൈരളി തീയേറ്ററിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കാന്റീനില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കിയത് സിനിമാ പ്രേമികള്‍ക്ക് അവരുടെ പരിമിതമായ സാമ്പത്തികാവസ്ഥയില്‍ അത് അനുഗ്രഹമായി.
ഓരോ ദിവസത്തേയും പ്രധാന വിവരങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുവാന്‍ സുസജ്ജമായ മീഡിയ സെല്‍, ഫെസ്റ്റിവല്‍ വിശേഷങ്ങള്‍ വര്‍ണ്ണാഭമായി പ്രേക്ഷകരുടെ കൈകളിലെത്തിച്ച ഡെയ്‌ലി ബുള്ളറ്റിന്‍ എന്നിവ കൈരളി തീയേറ്ററിന് സമീപമുള്ള ഫെസ്റ്റിവല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചു.
ഷീ ടാക്‌സി ഈ മേളയുടെ സവിശേഷതകളില്‍ ഒന്നാണ്. രാത്രിയിലും സേവനം തുടര്‍ന്ന് ഈ കാര്‍ മേളയ്‌ക്കെത്തിയ വനിതാ പ്രതിനിധികള്‍ക്ക് ആശ്വാസമായി. ഡെലിഗേറ്റുകളെയും വഹിച്ചുകൊണ്ട് തീയേറ്ററുകളില്‍ നിന്ന് തീയേറ്ററുകളിലേക്ക് ഓടുന്ന ഓട്ടോറിക്ഷയും ഷീ ടാക്‌സിയും മേളയുടെ മുദ്രകളായി നഗരം തിരിച്ചറിഞ്ഞു കഴിഞ്ഞു.
No comments:
Post a Comment