BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday, 9 December 2013

സ്വതന്ത്രസിനിമാ നിര്‍മാണം ഉത്തര കൊറിയയില്‍ ബുദ്ധിമുട്ട്: നിക്കോളാസ് ബോണര്‍

സര്‍ക്കാരിന്റെ പരിഗണനയില്ലാതെ സ്വതന്ത്രവും സര്‍ഗാത്മകവുമായ സിനിമ നിര്‍മിക്കാന്‍ ഉത്തരകൊറിയയില്‍ ബുദ്ധിമുട്ടാണെന്ന് കോമ്രേഡ് കിം ഗോസ് ഫ്‌ളൈയിംഗ് എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ നിക്കോളാസ് ബോണര്‍. ചലച്ചിത്രമേളയുടെ  മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഉത്തരകൊറിയയില്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. ഭരണകൂടത്തെ പാടിപ്പുകഴ്ത്താനുള്ള മാധ്യമമാണ് അവിടെ സിനിമ. അതില്‍ നിന്നും വ്യത്യസ്തമായി ആസ്വാദനത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രമാണ് തന്റേത്. രാഷ്ട്രീയ ഗുണഗണങ്ങള്‍ സന്ദേശമായി വരാത്തതും സ്ത്രീ മുഖ്യകഥാപാത്രമായി വരുന്നതുമായ ആദ്യ ചിത്രമാണ്. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ഈ ഉത്തരകൊറിയന്‍ ചിത്രത്തിന് 30 വര്‍ഷത്തിനുശേഷം പാശ്ചാത്യ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് നിര്‍മിച്ച ചിത്രമെന്ന  പ്രത്യേകതകൂടിയുണ്ട്. പ്രചാരണമാധ്യമം എന്നതില്‍ നിന്നും മാറി വ്യത്യസ്തമായ ആഖ്യാനരീതിയില്‍ എടുത്ത ഈ ചിത്രം മേളയില്‍ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്വിനിയോ ബിസോയുടെ രാഷ്ട്രീയ ചരിത്രത്തെ വേറിട്ട രീതിയില്‍ സമീപിച്ച്, ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ബാറ്റില്‍ ഓഫ് ടൊബാറ്റോയുടെ സംവിധായകന്‍ ജോണ്‍ വിയന്ന താനൊരു പോര്‍ച്ചുഗീസുകാരന്‍ എന്നതിനൊപ്പം ആഫ്രിക്കക്കാരന്‍ എന്നുകൂടി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗ്വിയോ - വിയന്ന ലോകത്തിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലൊന്നാണ്. അവിടുത്തെ ഭീകരമായ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ ആവിഷ്‌ക്കാരമാണ് തന്റെ ചിത്രം. കഥാപാത്രങ്ങളെക്കാള്‍ സാമൂഹികാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കുശേഷം സ്വദേശത്തേക്ക് മടങ്ങിയെത്തുന്ന പ്രധാന കഥാപാത്രം ബയോയുടെ ഓര്‍മകള്‍ താന്‍ പണ്ട് പങ്കെടുത്ത സ്വാതന്ത്ര്യ പോരാട്ടങ്ങളിലേക്ക് പോകുന്നു. എന്നാല്‍ ആ ഓര്‍മകള്‍ക്ക് കാലാനുസൃതമായ ക്രമത്തിലല്ല ചിത്രീകരിച്ചിരിക്കുന്നത്. ഈ നിമിഷമെന്താണോ അതിന് പ്രാധാന്യം നല്‍കുന്നതിനാലാണ് ഭൂതകാലത്തെ കാലക്രമത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.  സംഗീതത്തെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ കഥ കൂടി പറയുന്ന ബാറ്റില്‍ ഓഫ് ടൊബാറ്റോ മഡിംഗോ സംഗീതത്തിലുള്ള സമര്‍പ്പണം കൂടിയാണ്.
അമ്മയും മകനും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിനിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോള്‍ അത് സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ചിത്രീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ക്ലബ് സാന്‍ഡ്‌വിച്ച് സംവിധായകന്‍ ഫെര്‍ണാണ്ടോ എംബിക്കേ പറഞ്ഞു. 2008 ല്‍ ഇദ്ദേഹം സംവിധാനം ചെയ്ത ലേക്ക് താഹോ എന്ന ചിത്രവും മേളയുടെ സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിനമേരിക്ക പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റോറി ടെല്ലറിനെ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സന്തോഷവുമായാണ് സംവിധായകന്‍ ബാദുര്‍ അമന്‍ അകെയ്ന്‍ എത്തിയത്. പ്രശസ്തനായിരുന്ന നടനില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ കഥപറഞ്ഞ് ഉപജീവനത്തിനുള്ള വക കണ്ടെത്തേണ്ടിവരുന്ന വ്യക്തിയുടെ കഥ പറഞ്ഞ ചിത്രത്തെ അറബാനിയുടെ സംവിധായകന്‍ അദി അദ്വാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ചു.
പരിപാടിയില്‍ സംവിധായകന്‍ ബാലു കിരിയത്ത്, മീരാ സാഹിബ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment