ഇസ്രയേലിലെ പ്രത്യേക
വിഭാഗമായ ഡ്രൂസ് വംശത്തെക്കുറിച്ച് തയാറാക്കിയ ആദ്യത്തെ സിനിമയാണ് അറബാനി എന്ന്
സംവിധായകന്‍ അതി അധ്വാന്‍. മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരന്നു അദ്ദേഹം. ഇസ്രയേലില്‍ ഒരു സിനിമ നിര്‍മിക്കാന്‍ കുറഞ്ഞത്
അഞ്ച് ലക്ഷം യൂറോയെങ്കിലും വേണം. എന്നാല്‍ തന്റെ ചിത്രത്തിന് ഒരു ലക്ഷം ഡോളര്‍
മാത്രമേ ചെലവായിട്ടുള്ളു. ചലച്ചിത്രകാരന്മാര്‍ക്ക് ആവശ്യമായ പ്രോത്സാഹനം തന്റെ
രാജ്യം നല്‍കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മതവിഭാഗങ്ങളെയും
അംഗീകരിക്കുന്നുണ്ടെങ്കില്‍പ്പോലും ജൂതന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായി
ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികള്‍
നേരിടേണ്ടിവന്നെങ്കില്‍പ്പോലും അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ യാഥാര്‍ഥ്യമായ
സ്വപ്നമാണ് തന്റെ സിനിമയെന്ന് വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ് എന്ന അമേരിക്കന്‍
ചിത്രത്തിന്റെ സംവിധായകന്‍ മാക്‌സിമോണ്‍ മോനിഹാന്‍ പറഞ്ഞു. അത്ഭുതങ്ങള്‍ക്കായി
കാത്തുനില്‍ക്കാതെ അവസരങ്ങള്‍ തേടിപ്പോകുകയാണ് വേണ്ടതെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
സമകാലീന ശ്രീലങ്കയുടെ
നേര്‍ചിത്രമവതരിപ്പിച്ച ബിറ്റ്‌വീന്‍ എസ്റ്റര്‍ഡെ ആന്‍ഡ് ടുമാറോയുടെ സംവിധായകന്‍
നീലേന്ദ്ര ദേശ്പ്രിയ ആദ്യചിത്രത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ നേരിടേണ്ടിവന്ന
പ്രതിസന്ധികള്‍ സദസ്സുമായി പങ്കുവെച്ചു. ഇത്തരത്തിലൊരു വിഷയം സിനിമയാക്കാന്‍
തീരുമാനിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടായി. സിനിമയുടെ പൂര്‍ത്തീകരണത്തിനായി
വീട് പണയത്തിലാക്കേണ്ടിവന്നെങ്കിലും ഈ ചിത്രം അംഗീകരിക്കപ്പെടുന്നത് തന്റെ പ്രയത്‌നങ്ങള്‍ക്കുള്ള
പ്രതിഫലമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1967-70
കാലഘട്ടത്തില്‍ നൈജീരിയയില്‍ ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെക്കുറിച്ച്
പ്രതിപാദിക്കുന്ന ചിമമണ്ട നെഗോസി അഡിച്ചെയുടെ ഹാഫ് ഓഫ് എ യെല്ലോ സണ്‍ എന്ന
പുസ്തകമാണ് തനിക്ക് പ്രചോദനമായതെന്ന് ഇതേ പേരിലുള്ള സിനിമയുടെ സംവിധായകന്‍ ബിയി
ബണ്ടേല പറഞ്ഞു.
പ്രേക്ഷകരാലും
നിരൂപകരാലും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളെടുക്കാനാണ് തനിക്ക് താത്പര്യമെന്ന്
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സൂദ് കൗവും എന്ന
ചിത്രത്തിന്റെ സംവിധായകന്‍ നളന്‍ കുമാരസ്വാമി പറഞ്ഞു. മധ്യവര്‍ഗ
സിനിമകളെടുക്കാനാണ് താനെപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ മീരാ സാഹിബ് മോഡറേറ്ററായി. സംവിധായകന്‍ ബാലു
കിരിയത്ത് സന്നിഹിതനായിരുന്നു.
No comments:
Post a Comment