BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Thursday, 5 December 2013

18 ാമത് മേളയ്ക്ക് ഇന്ന് തിരിതെളിയും

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരക്കണക്കിന് സിനിമാപ്രേമികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത അഭിനേത്രി ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും. മെക്‌സിക്കന്‍ അംബാസഡര്‍ ജെയ്മി ന്യുവാള്‍ട്ട്, മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍, സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലൊരുക്കുന്ന പ്രത്യേക കലാപരിപാടി നടക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ 'അന -അറേബ്യ' പ്രദര്‍ശിപ്പിക്കും.
ഇന്ന് (ഡിസംബര്‍ 6) മുതല്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 12 വേദികളിലായി 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. ഒരു ദിവസം 4 പ്രദര്‍ശനങ്ങള്‍ വരെയുണ്ടാകും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ ഇത്തവണ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്‌സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനവും ലഭ്യമാണ്.
പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരത്തോളം സിനിമാസ്വാദകരാണ് ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും 11 മണിക്ക് സംവിധായകരുമായി 'മീറ്റ് ദ പ്രസ്', 2 മണിക്ക് ശ്രീ തീയേറ്ററില്‍ അതിഥികളുമായി ' ഇന്‍ കോണ്‍വര്‍സേഷന്‍', 5.30ന് 'മീറ്റ് ദ ഡയറക്ടര്‍' എന്നീ പരിപാടികള്‍ നടക്കും. ഫിലിം മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച വിവിധ വിഷയത്തില്‍ നാളെ മുതല്‍ (ഡിസംബര്‍ 7) പ്രമുഖര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലകളും സെമിനാറുകളും ഉണ്ടായിരിക്കും. സിനിമയുടെ സാങ്കേതികതയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എക്‌സിബിഷനും ഇതോടൊപ്പം നടക്കും.

നഗരത്തിലെ കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, അജന്ത എന്നിങ്ങനെ 11 തീയേറ്ററുകളില്‍ രാവിലെ 8.45 മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.

1 comment:

  1. ബ്ലോഗ് സന്ദർശിച്ചു. വായിച്ചു. ആശംസകൾ!

    ReplyDelete