കലാമൂല്യമുള്ള നല്ല
സിനിമകള്‍ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് സര്‍ക്കാരിന്റെ
ഇടപെടലും സഹായവും ആവശ്യമാണെന്നും പ്രശസ്ത നടി ശബാനാ ആസ്മി അഭിപ്രായപ്പെട്ടു.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍
സംസാരിക്കുകയായിരുന്നു അവര്‍. സബ്‌സിഡി നിരക്കില്‍ ടിക്കറ്റ് വിതരണം
ചെയ്യുന്നതിനും ചലച്ചിത്ര നിര്‍മാണം, വിതരണം എന്നീ മേഖലകളിലും സര്‍ക്കാരിടപെടലുകള്‍
അനിവാര്യമാണ്. ഇങ്ങനെയുണ്ടാകുന്ന സിനിമകള്‍ ദേശീയ അന്തര്‍ദേശീയ മേളകളില്‍ ഏറെ
ശ്രദ്ധനേടാറുണ്ടെന്നും ശബാന കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യരാജ്യമായ
ഭാരതത്തില്‍ എല്ലാത്തരത്തിലുള്ള ചിത്രങ്ങളും വളര്‍ന്നുവരേണ്ടത്
അത്യാന്താപേക്ഷിതമാണ്. ചലച്ചിത്രമേളകള്‍ പ്രേക്ഷകരുടെ ആസ്വാദന
നിലവാരത്തില്‍ വരുത്തുന്ന മാറ്റത്തില്‍ അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ
ജീവിതത്തിനും സിനിമയ്ക്കും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. സമകാലിക ചിത്രങ്ങള്‍
യാഥാര്‍ഥ്യത്തെ മറച്ചുവെക്കുന്നതായുള്ള ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. ഭാഷാപരമായ
പരിമിതിയാണ് മറുനാടന്‍ സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അഭിനയിക്കാന്‍
തയാറാകാതിരുന്നതിന് കാരണമെന്നും ശബാന പറഞ്ഞു.
21 ാം നൂറ്റാണ്ടിലെ
സിനിമകളിലുള്ള സ്ത്രീ സാന്നിധ്യം പ്രശംസനീയമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി
അവര്‍ പറഞ്ഞു. പുരുഷന്റെ നിഴലില്‍ നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും
ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുന്ന ആധുനിക ലോകത്തിന്റെ പ്രതീകങ്ങളായി
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ മാറിക്കഴിഞ്ഞുവെന്നത് പ്രതീക്ഷ നല്‍കുന്നു; അവര്‍
കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ എല്ലാ പ്രമുഖ
നഗരങ്ങളിലും മള്‍ട്ടി പ്ലക്‌സുകള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ശബാന
പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയെന്ന നിലയില്‍ നെല്‍സണ്‍ മണ്ഡേലയോടൊപ്പം ചെലവഴിക്കാന്‍
കഴിഞ്ഞ നിമിഷങ്ങളെ അവര്‍ അനുസ്മരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍,
ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍
പങ്കെടുത്തു.
No comments:
Post a Comment