BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Saturday, 7 December 2013

ചലച്ചിത്രമേള: കനകക്കുന്നില്‍ എക്‌സിബിഷന്‍ തുടങ്ങി



18 ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍  ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമയില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എക്‌സിബിഷന്‍ സിനിമയുടെ ആദ്യകാലം മുതല്‍ ആധുനികകാലം വരെയുള്ള സാങ്കേതികമായ വികാസങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പ്രദര്‍ശനം സിനിമയിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ഏറെ സഹായകരമാകുമെന്ന് എക്‌സിബിഷന്‍ സന്ദര്‍ശിച്ച മന്ത്രി സന്ദര്‍ശകബുക്കില്‍ രേഖപ്പെടുത്തി.
മലയാളത്തിലെ ആദ്യ നിശബ്ദചിത്രം വിഗതകുമാരനിലെ സാങ്കേതിക പിച്ചവെപ്പുകളില്‍ നിന്ന് പുതിയ കാലഘട്ടത്തിലെ സാങ്കേതികവളര്‍ച്ച ദൃശ്യ-ശബ്ദചിത്രീകരണങ്ങളിലും എഡിറ്റിങ്, പ്രൊജക്ഷന്‍ മുതലായവയിലുമുണ്ടായ പരിണാമങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രാജ്ഞലി സ്റ്റുഡിയോയുടെയും ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും സഹകരണത്തോടെ 1940  കളിലെ ഒപ്റ്റിക്കല്‍  സൗണ്ട് റെക്കോര്‍ഡറും പഴയകാല കാമറകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
ജര്‍മനിയില്‍ നിന്നുള്ള സബിന്‍ ഹോബിറ്റ്‌സ്, സ്റ്റെഫിനി സോക്ക് എന്നീ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ 30 കള്‍ മുതല്‍ 70 കള്‍ വരെ കേരളത്തിലും തമിഴ്‌നാട്ടിലും നിര്‍മിച്ച സിനിമാ തിയേറ്ററുകളുടെ ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഈ പ്രദര്‍ശനം വളരെ ഉള്‍ക്കാഴ്ച പകരുന്നതായിരിക്കും.
പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശാസ്തമംഗലം മോഹന്‍, അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, സംവിധായകന്‍ ജി.എസ്. വിജയന്‍, കാമറാമാന്‍ രാമചന്ദ്രബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിസംബര്‍ 12 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ സന്ദര്‍ശന സമയം  രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ.

No comments:

Post a Comment