മണ്‍മറഞ്ഞ
ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഓര്‍മപ്പെടുത്തലുകളാണ് ചലച്ചിത്ര സൃഷ്ടികള്‍.
ഒറിജിനല്‍ ഗ്ലോറി 100 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തില്‍
നാല് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാകും.
കാവ്യാത്മകമായ
പ്രതിപാദനരീതികൊണ്ടും ആവിഷ്‌കാര സൗന്ദര്യം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച ബംഗാളി
ചിത്രമാണ് സത്യജിത് റേയുടെ ചാരുലത. 19 ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ
ബംഗാളില്‍ ഉടലെടുത്ത സാംസ്‌കാരിക നവോഥാനം പശ്ചാത്തലമാക്കി ചാരുലതയുടെ ചിന്തകളിലൂടെ
ആധുനിക സ്ത്രീത്വത്തിന്റെ അന്തസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്നു. താന്‍ ചെയ്ത
ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് റേ തന്നെ വിശേഷിപ്പിച്ച ചാരുലത 1965 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
പുരാണകഥാ ചിത്രീകരണത്തില്‍
വ്യത്യസ്തമായ ആവിഷ്‌കാര ശൈലിക്ക് തുടക്കമിട്ട വിഖ്യാത തമിഴ്ചിത്രമാണ് ബി.ആര്‍.
പന്തലുവിന്റെ കര്‍ണന്‍ (1964). ശിവാജി ഗണേശന്‍, എന്‍.ടി.
രാമറാവു എന്നിവര്‍ അഭിനയിച്ച ചിത്രമാണിത്.
സഹോദരീ-സഹോദര
ബന്ധത്തിന്റെ വൈകാരികത അവതരിപ്പിച്ച തമിഴ് ചിത്രമാണ് ഭീം സിങ്ങിന്റെ പാശമലര്‍ (1961). ശിവാജി
ഗണേശന്‍ അഭിനയിച്ച ഈ ചിത്രം അക്കാലത്തെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് റീ മേക്ക് ചെയ്ത ചിത്രം എന്ന ബഹുമതിയും
പാശമലറിന് സ്വന്തം.
ചലച്ചിത്രാസ്വാദന രംഗത്ത്
വേറിട്ട ദൃശ്യാനുഭവമായ ഹിന്ദി ചിത്രമാണ് കമല്‍ സ്വരൂപ് സംവിധാനം ചെയ്ത ഓം-ദര്‍-ബാ-ദര്‍
(1988). അജ്മീര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ആഖ്യാന
നവീനതകൊണ്ടും സത്യസന്ധമായ വിഷയാവതരണം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്നു.
കാലപ്പഴക്കം കൊണ്ട്
നശിച്ചുപോകുമായിരുന്ന ഫിലിം പ്രിന്റുകളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്
ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിച്ച ചിത്രങ്ങളാണ് ഇവയൊക്കെ.
No comments:
Post a Comment