പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴും
ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴും ഉള്‍പ്പെടെ 14
ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അഞ്ച് സുന്ദരികള്‍, അന്നയും റസൂലും, സെല്ലുലോയ്ഡ്, സി.ആര്‍. നമ്പര്‍ 89, ഇംഗ്ലീഷ്, കന്യകാ ടാക്കീസ്,
വേനലൊടുങ്ങാതെ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലുള്ളത്.
5 Sundarikal |
ഷൈജു ഖാലിദ്, സമീര്‍
താഹിര്‍, ആഷിക് അബു, അമല്‍ നീരദ്,
അന്‍വര്‍ റഷീദ് എന്നീ സംവിധായകരുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രമാണ്
അഞ്ച് സുന്ദരികള്‍. സേതുലക്ഷ്മി, ഇഷ, ഗൗരി,
കുള്ളന്റെ ഭാര്യ, ആമി എന്നീ
ഹ്രസ്വചിത്രങ്ങളിലൂടെ സ്ത്രീജീവിതത്തിന്റെ അകക്കാഴ്ചകളാണ് ഈ ചിത്രം ആവിഷ്‌കരിക്കുന്നത്.
രാജീവ് രവി സംവിധാനം
ചെയ്ത അന്നയും റസൂലും മലയാള സിനിമയില്‍ പ്രണയത്തിന് വേറിട്ടമാനം നല്‍കുന്നു. ഈ
ചിത്രത്തിലെ ഛായാഗ്രഹണത്തിന് മധു നീലകണ്ഠന് 2012 ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
സംസ്ഥാന അവാര്‍ഡ്
കരസ്ഥമാക്കിയ ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ്. മലയാള സിനിമയുടെ
പിതാവായ ജെ.സി. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് 2012 ലെ
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
അക്രമാസക്തമാകുന്ന മലയാളി
സമൂഹത്തെ പ്രമേയമാക്കി സുദേവന്‍ ഒരുക്കിയ ചിത്രമാണ് CR NO 89.
പൂര്‍ണമായും ലണ്ടനില്‍
ചിത്രീകിച്ച ശ്യാമപ്രസാദ് ചിത്രമാണ് ഇംഗ്ലീഷ്. വ്യത്യസ്ത സാഹചര്യങ്ങളില്‍
ജീവിക്കുന്ന വിദേശ മലയാളികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
44 ാമത്
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി
പ്രദര്‍ശിപ്പിച്ച സിനിമയാണ് കന്യക ടാക്കീസ്. കെ.ആര്‍. മനോജ് ആദ്യമായി സംവിധാനം
നിര്‍വഹിച്ച ചിത്രമാണിത്.
ദേശീയ അവാര്‍ഡ് ജേതാവായ
സലിം കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ്
വേനല്‍ ഒടുങ്ങാതെ.
Kanyaka Talkies |
കാഴ്ചയുടെ
പുതുവസന്തമൊരുക്കി വിവധ ഇന്ത്യന്‍ ഭാഷകളിലെ പുതുതലമുറ സംവിധായകരുടെ ശ്രദ്ധേയമായ
ഏഴ് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആസ്വാദകരുടെ മുന്നിലെത്തുക.
ആക്‌സിഡന്റ്,
കോഫിന്‍ മേക്കര്‍, ആക്ട്
സീറോ, ക്രോസിങ് ബ്രിഡ്ജസ്, ലൂസിയ,
ഓസ് - ദി ഡ്യൂ ഡ്രോപ്‌സ്, സുദ് കൗവും
എന്നിവയാണവ. കന്നട, ബംഗാളി, ഇംഗ്ലീഷ്,
തമിഴ്, ഷെര്‍ഡുക്ക്‌പെന്‍ എന്നീ ഇന്ത്യന്‍
ഭാഷകളില്‍ നിര്‍മിച്ച ചിത്രങ്ങള്‍ രാജ്യത്തിന്റെ പുത്തന്‍ സാമൂഹിക സാംസ്‌കാരികാവസ്ഥയുടെ
നേര്‍ക്കാഴ്ചയൊരുക്കും.
കൊല്‍ക്കത്തയിലുണ്ടാകുന്ന
ബസ്സപകടവും അതുകണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് നന്ദിതാ റോയ്, ഷിബോ
പ്രസാദ് മുഖര്‍ജി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ആക്‌സിഡന്റ് എന്ന
ചിത്രത്തിന്റെ വിഷയം. 2008 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു
ബസ് അപകടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ പിറവിയെടുത്തത്.
The Coffin Maker |
സാങ് ഡോര്‍ജി തോങ്‌ഡോക്
സംവിധാനം ചെയ്ത ക്രോസിങ് ബ്രിഡ്ജസ് ഒരു യുവാവിന്റെ ജീവിതകഥയും പ്രണയവും
പ്രമേയമാക്കിയിരിക്കുന്നു. നഗരത്തിലുള്ള ജോലി നഷ്ടപ്പെട്ടതുകൊണ്ട് വര്‍ഷങ്ങള്‍ക്കുശേഷം
സ്വന്തം നാട്ടിലെത്തിയ താഷിയെന്ന യുവാവ് തന്റെ വേരുകള്‍ തേടിയുള്ള യാത്ര
തുടങ്ങുന്നു. ഗ്രാമത്തിലെ അനുഭവങ്ങള്‍ അവനെ അവിടെ തന്നെ തുടരാന്‍
പ്രേരിപ്പിക്കുന്നു.
സങ്കീര്‍ണമായൊരു പ്രമേയം
ചര്‍ച്ചചെയ്യുന്ന ചിത്രമാണ് പവന്‍ കുമാറിന്റെ ലൂസിയ. നിദ്രാഹാനിയെ മറികടക്കാന്‍
ലൂസിയയെന്ന ഉറക്കഗുളിക കഴിക്കുന്ന നിഖില്‍ എന്ന യുവാവിന്റെ സ്വപ്ന ജീവിതമാണ്
സിനിമയുടെ ഇതിവൃത്തം. യാഥാര്‍ഥ്യവും സ്വപ്നവും ഇടകലര്‍ന്ന ഒരു സൈക്കളോജിക്കല്‍
ത്രില്ലറാണ് ലൂസിയ.
Crossing Bridges |
ബാലവേശ്യാവൃത്തിയുടെ
ദുരന്തവുമായി പോരാടുന്ന ഒരു നേപ്പാളി പെണ്‍കുട്ടിയുടെ കഥയാണ് ഓസ് - ദി ഡ്യു
ഡ്രോപ്‌സ്. 11 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും മയക്കുമരുന്ന് നല്‍കി
ബലാല്‍സംഘത്തിനിരയാക്കുന്നതും രക്ഷപ്പെടാനുള്ള അവളുടെ പ്രയത്‌നവുമാണ് സിനിമയുടെ
പ്രതിപാദ്യം. ന്യൂ ഡല്‍ഹിയില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കിയാണ് അഭിനവ് തിവാരി ഈ
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകല്‍
തൊഴിലാക്കി ജീവിക്കുന്ന ദാസിന്റെയും അവന്റെ സഹായികളുടെയും കഥ കറുത്ത ഹാസ്യത്തില്‍
പറയുന്ന സിനിമയാണ് നളന്‍ കുമാരസ്വാമിയുടെ സുദ് കൗവും.
No comments:
Post a Comment