BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Showing posts with label marco bellochio. Show all posts
Showing posts with label marco bellochio. Show all posts

Tuesday, 26 November 2013

സാംസ്‌കാരിക വൈവിധ്യവുമായി മാസ്റ്റേഴ്‌സിന്‍റെ 43 ചിത്രങ്ങള്‍

സിനിമ സാധ്യമാക്കുന്ന സാംസ്‌കാരിക വിനിമയങ്ങളും അവ നല്‍കുന്ന വ്യത്യസ്തമാനങ്ങളും കാലദേശങ്ങള്‍ക്കതീതമാണ്. തങ്ങളുടെ ദേശവും ജനതയുടെ സംസ്‌കാരവും ജീവിതവും അടയാളപ്പെടുത്തുന്ന സംവിധായകരുടെ വൈവിധ്യമാര്‍ന്ന 43 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ടംപെററി മാസ്റ്റേഴ്‌സ്  ഇന്‍ ഫോക്കസ് വിഭാഗം.

ഫ്രഞ്ച് സിനിമയിലെ അതികായരിലൊരാളായ ഴാങ് റെന്വാറിന്റെ (Jean Renoir) ആറ് സിനിമകള്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നാകും. അറുപതുകളില്‍ ശബ്ദസിനിമ കടന്നുവരുന്നതിനുമുമ്പ് നാല്‍പ്പതോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇറ്റാലിയന്‍ നിയോ - റിയലിസ്റ്റിക് മൂവ്‌മെന്റിന്റെ ചരിത്രത്തിന്റെ തുടക്കത്തിലുണ്ടായ സിനിമയാണ് ടോനി (Toni). ബൗധു സേവ്ഡ് ഫ്രം ഡ്രൗണിങ് (Boudu Saved from Drowning), വാനിഷിങ് കോര്‍പോറല്‍ (Vanishing Corporal), എമിലി സോളയുടെ (Emily Zola) അതേ പേരിലുള്ള പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ലാ ബെറ്റ് ഹ്യുമയന്‍ (La Bete Humaine), എക്‌സ്പിരിമെന്റ് ഇന്‍ ഇവിള്‍ (Experiment in Evil), മ്യൂസിക്കല്‍ സിനിമയായ ഫ്രഞ്ച് കാന്‍കാന്‍ (French Cancan) എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
ബെല്‍ഗ്രേഡില്‍ നിന്നുള്ള സെര്‍ബിയന്‍ ഫ്രഞ്ച് സംവിധായകനായ ഗൊരാന്‍ പാസ്‌കല്‍ജെവികിന്റെ (
Goran Paskaljevic) സാധാരണതകള്‍ക്കുമേല്‍ തന്റെ അസാധാരണത്വം തിരയുന്ന സിനിമകള്‍ ഒരു ജനതയുടെ വംശീയ-വര്‍ഗ സംഘര്‍ഷങ്ങളെയും അവയുടെ ആന്തരിക സവിശേഷതകളെയും അസ്വസ്ഥതകളെയും മുന്‍നിര്‍ത്തി രേഖീയമായി ചിത്രണം ചെയ്യപ്പെട്ടവയാണ്. ഇത്തരമൊരു ചിന്താപദ്ധതിയില്‍ നിന്നുരൂപമെടുത്ത രാഷ്ട്രീയ അവസ്ഥാന്തരങ്ങളെ 'ഐറണിക്കല്‍' ആയി പ്രതിഫലിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തുന്നുണ്ട് സംവിധായകന്‍.
ബീച്ച് ഗാര്‍ഡ് ഇന്‍ വിന്റര്‍ ടൈം (
Beach Guard in Wintertime), ഹണിമൂണ്‍സ്  (Honeymoons), ഹൗ ഹാരി ബികെയിം എ ട്രി (How Harry Became a Tree), മിഡ് വിന്റര്‍ നൈറ്റ്‌സ് ഡ്രീം (Midwinter Night’s Dream), പൗഡര്‍ കേഗ് (Powder Keg), സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് (Special Treatment), വെന്‍ ഡെ ബ്രേക്‌സ് (When Day Breaks) എന്നിവയാണ് പാസ്‌കല്‍ ജെവിക്കിന്റെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഗുഡ്‌മോണിങ് നൈറ്റ്
  എന്ന സിനിമയിലൂടെ വ്യക്തിഗത പ്രതിഭ തെളിയിച്ച മാര്‍ക്കോ ബെലുച്ചിയോയുടെ (Marco Bellochio) ഏഴ് സിനിമകളുണ്ട്. പ്രശസ്ത ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പര്‍ട്ട് അഭിനയിക്കുന്ന ഡോര്‍മെന്റ് ബ്യൂട്ടി (Dormant Beauty), ഡെവിള്‍ ഇന്‍ ദി ഫ്‌ളഷ് (Devil in the Flesh), ഗുഡ് മോര്‍ണിങ് നൈറ്റ് (Good Morning Night), ബലൂചിയോയുടെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിസ്റ്റ്‌സ് ഇന്‍ ദി പോക്കറ്റ് (Fists in the Pocket)േ, സൊര്‍ലി മൈ (Sorelle Mai) എന്നിവ മേളയിലുണ്ട്. മുസോളിനിയുടെ ആദ്യ ഭാര്യയുടെയും മകന്റെയും ദുരന്തജീവിതകഥ പറയുന്ന വിന്‍സിയര്‍ (Vincere) മറ്റൊരു പ്രധാന ചിത്രമാണ്. ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നാല് മികച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ 2009 ല്‍ കാന്‍ ഫെസ്റ്റിവലില്‍ ഇറ്റലിയില്‍ നിന്ന് മത്സരവിഭാഗത്തിലെത്തിയ ഏക ചിത്രമായിരുന്നു. വെഡ്ഡിങ് ഡയറക്ടര്‍ (Wedding Director) ആണ്  മറ്റൊരു ചിത്രം.
സിനിമകളിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച
  ജാപ്പനീസ് സംവിധായകന്‍ തകാഷി മൈക്കിന്റെ (Takashi Mike) അഞ്ച് ചിത്രങ്ങളുണ്ട്. വയലന്‍സും ലൈംഗീക അരാജകത്വങ്ങളും മേമ്പൊടിക്ക് കറുത്ത ചിരിയുമായി കാണികള്‍ക്കുമുന്നിലെത്തുന്ന തകാഷിയുടെ സിനിമകള്‍ അനുവാചകരെ ഞെട്ടിച്ചിരുന്നു. റൊമാന്റിക് ഹൊറര്‍ സിനിമയായ ഓഡിഷന്‍ (Audition), 13 അസാസിന്‍സ് (13 Assassins), ദി ക്രോ (The Crow), ഹരാകിരി - ഡെത്ത് ഓഫ് എ സാമുറായ് (Hara Kiri: Death of a Samurai), ഷീല്‍ഡ് ഓഫ് സ്‌ട്രോ (Shield of Straw) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഷീല്‍ഡ് ഓഫ് സ്‌ട്രോ 2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഈ വിഭാഗത്തിലെ ഏക വനിതാ സംവിധായികയാണ് ഫ്രാന്‍സില്‍ നിന്നുള്ള ക്ലയര്‍ ഡെന്നിസ് (Claire Denis). ഫ്രാന്‍സിലെ നവ സിനിമാ സംവിധായകരില്‍ ഒരാളായ ക്ലയറിന്റെ സിനിമകളില്‍ സാമൂഹിക ചരിത്രവും വ്യക്തിചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. 2001 ല്‍ കാന്‍ ഫെസ്റ്റിവലിലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായികയുടെ ട്രബിള്‍ എവരിഡേ (Trouble Everyday) പ്രദര്‍ശിപ്പിച്ചത്. ബെനിന്‍-കരീബിയന്‍ ദേശങ്ങളില്‍ നിന്നുവന്ന രണ്ടുപേരുടെ സാംസ്‌കാരിക ജീവിത സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നോ ഫിയര്‍ നോ ഡൈ (No Fear No Die) എന്ന സിനിമ ഉള്‍പ്പെടെ എട്ട് സിനിമകള്‍ ക്ലയര്‍ ഡെനിസിന്റെതായി മേളയിലുണ്ട്. ഇന്‍ട്രൂഡര്‍ (Intruder) എന്ന സിനിമ 2004 ലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആര്‍.എല്‍. സ്റ്റീവന്‍സന്‍, പോള്‍ ഗോഗിന്റെ പെയ്ന്റിങ്‌സ് എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ക്ലയര്‍ ഈ സിനിമ നിര്‍മിക്കുന്നത്. ഫ്രഞ്ച് ഫിലോസഫര്‍ ജീന്‍ ലൂക്കിനുള്ള സ്മൃതിചിത്രം കൂടിയാണിത്. ട്രബിള്‍ എവരിഡേ (Trouble Everyday), 35 ഷോട്ട്‌സ് ഓഫ് റം (35 Shots of Rum), ബ്യൂ ട്രാവെയ്ല്‍ (Beau Travail), ഐ കാണ്ട് സ്ലീപ് (I can't
 sleep), ക്ലയര്‍ ഡനിസ് ലാ വാഗബോണ്ട് (Claire Denisa La Vagabond), ജാക്വിസ് റിവെറ്റ് (Jacques Rivette) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
ജര്‍മനിയില്‍ നിന്നുള്ള സംവിധായകനായ ഹാറൂണ്‍ ഫാറോക്കിയുടെ (Harun Farocki) നാല് യുദ്ധ ഡോക്കുമെന്ററികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സീരിയസ് ഗെയിംസ് (Serious Games) മൂന്ന് ഷോര്‍ട്ട് ഡോക്കുമെന്ററികളാണ്. നിക്കോളെസ് ചെഷസ്‌ക്യൂ തൂക്കിലേറ്റപ്പെടുന്നതും അതിനുശേഷമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും വിവരിക്കുന്ന വീഡിയോഗ്രാംസ് ഓഫ് എ റവല്യൂഷന്‍ (Videograms of a revolutions) പ്രധാനപ്പെട്ട ഒന്നാണ്. ദൃശ്യമാധ്യമരംഗം വിപ്ലവത്തിന്റെ ഗതികളെ സഹായിച്ചതെങ്ങനെയെന്ന് ഇതില്‍ പറയുന്നുണ്ട്. ഇമേജസ് ഓഫ് ദി വേള്‍ഡ് ആന്‍ഡ് ദി ഇന്‍സ്‌ക്രിപ്ഷന്‍ വാര്‍ (Images of the world and the inscription war) ഇന്‍ കംപാരിസണ്‍ (In comparison) ഇവയാണ് മറ്റ് ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്നും ഹരിഹരന്‍ സംവിധാനം ചെയ്ത ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, പഴശ്ശിരാജ, സര്‍ഗം, ശരപഞ്ചരം എന്നിവയും പ്രദര്‍ശിപ്പിക്കുന്നു.


Friday, 22 November 2013

വിസ്മയകാഴ്ചകളുമായി പുതുതലമുറ ചിത്രങ്ങള്‍

ഒരു തലമുറയെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് പുതിയൊരു തലമുറ സംവിധായകരുടെ വരവ് വിളംബരം ചെയ്യുകയാണ് 18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പുതിയകാലത്തിന്റെ വിഹ്വലതകളും പ്രതീക്ഷകളും പ്രതിസന്ധികളും ദൃശ്യശൃംഗലയില്‍ കോര്‍ത്തിണക്കി പുതിയ ഭാവുകത്വം തേടുന്ന ലോകസിമാവിഭാഗം ഈ മേളയെ വേറിട്ടതാക്കും.
വിവിധ ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടുകയോ പങ്കെടുക്കുകയോ ചെയ്ത ചിത്രങ്ങളാണ് പുതിയ സംവിധായകരുടേതായി ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
56 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി
  209 ചിത്രങ്ങള്‍ മേളയിലുണ്ട്. 35 ചിത്രങ്ങള്‍ സംയുക്ത സംരംഭങ്ങളാണ്. 12 സിനിമകളുടെ സംവിധായകര്‍ വനിതകളാണ്. 
മേളയുടെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെ പതിനാല് ചലച്ചിത്രങ്ങളുണ്ട്.
  കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ അനാവരണം ചെയ്യുന്ന നൈജീരിയല്‍ നിന്നുള്ള ഏഴ് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
കച്ചവട സിനിമയുടെ കെട്ടുകാഴ്ചകളില്ലാതെ പൊതുധാരയില്‍നിന്ന് മാറിനിന്നുകൊണ്ട് ചലച്ചിത്രപ്രവര്‍ത്തനം നടത്തുന്ന ലാറ്റിന്‍ അമേരിക്കന്‍ പുതുതലമുറയുടെ എട്ട് ചിത്രങ്ങള്‍ ഈ മേളയെ വേറിട്ടതാക്കും. സ്ട്രീറ്റ് ഫിലിം മേക്കിങ് ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലൂടെയാണ് ഈ ചിത്രങ്ങള്‍ ആസ്വാദകരുടെ മുന്നിലെത്തുക. സിനിമയെ വ്യത്യസ്തമായി സമീപിക്കുന്ന ഒരു തലമുറയ്ക്ക് ഊര്‍ജം പകരാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
സിനിമ ഒരു കലാരൂപത്തിന്റെ ഭാവഗരിമയിലേക്ക് വളര്‍ന്ന ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് എക്‌സ്പ്രഷനിസം - ദ ഇന്‍ഡോ ജര്‍മന്‍ കണക്ഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ജര്‍മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമയുടെ കുലപതികളിലൊരാളായ ഫ്രിക്‌സ് ലാങ്ങിന്റെ (Fritz Lang) രണ്ട് ചിത്രങ്ങള്‍ കാഴ്ചയുടെ മായികലോകത്തേക്ക് പ്രേക്ഷകരെ നയിക്കും. ശാന്താറാമിന്റെ ജീവിതത്തിന്റെ പുറത്തേക്കുള്ള വലിയ കാഴ്ചകളും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു കാലഘട്ടത്തെ മനസ്സിലാക്കുന്നതിന് സഹായിക്കും. സിനിമ കച്ചവടമെന്നതിലുപരി കലാരൂപമാണെന്ന ആശയം രൂപീകരിക്കുന്ന കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ മേളയെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കും. എട്ട് ചിത്രങ്ങളാണ് ഈ
  വിഭാഗത്തിലുള്ളത്.
ജപ്പാനിലെ സമുറായ് പാരമ്പര്യത്തിന്റെ കാഴ്ചാനുഭവങ്ങളുമായി ഏഴ് ചിത്രങ്ങള്‍ സമുറായ് ഫിലിംസ് വിഭാഗത്തിലുണ്ട്. കോണ്‍ ഇച്ചിക്കാവ (Kon Ichikawa), മിസോഗുചി (Kenji Mizoguchi) തുടങ്ങിയ പ്രഗത്ഭരുടേതുള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
 
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഫ്രെഞ്ച് ന്യൂവേവ് സംവിധായകന്‍ ഴാങ് റെനോയ്‌റിന്റെ (Jean Renoir) അഞ്ച് സിനിമകള്‍ നവ്യാനുഭവമാകും. സെര്ബിയാന് സംവിധായകനായ ഗറോണ്‍ പാസ്‌കല്‍ജെവിക് (Goran Paskaljevic), ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍കോ ബലോചും (Marco Bellochio) ജാപ്പനീസ് സംവിധായകന്‍ തക്കാഷി മൈക്ക് (Takashi Mike), ഫ്രഞ്ച് സംവിധായിക ക്ലേയര്‍ ഡെനിസ് (Claire Denis)െ, ജര്‍മന്‍ സംവിധായകന്‍ ഹാരുണ്‍ ഫറോക്കി (Haren Farocki) എന്നിവരുടെ 37 ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
മലയാള സംവിധായകന്‍ ഹരിഹരന്റെ ആറ് ചിത്രങ്ങളും റിട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂറി ചിത്രങ്ങള്‍ രണ്ടെണ്ണമുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയ കാര്‍ലോസ് സൗറയുടെ (Carlos Saura) ചിത്രങ്ങള്‍ മേളയ്ക്ക് വേറിട്ട ചാരുത നല്‍കും.
സമകാലിക ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ ആറ് ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ സിനിമ, മലയാള സിനിമ ഇന്ന്, ടോപ് ആങ്കിള്‍ ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ ഏഴ് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 79 സിനിമകളുണ്ട്.
 
ഇന്ത്യന്‍ സിനിമയില്‍ ദൃശ്യഭാവുകത്വത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിയ ഋതുപര്‍ണഘോഷിന്റെ മൂന്ന് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച മലയാള ചലച്ചിത്ര പ്രതിഭകളായ സുകുമാരി, കൊന്നനാട്ട്, രാഘവന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.
 
മത്സരവിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരമുള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. ഫിപ്രസി, നെറ്റ്പാക്, ഹസ്സന്‍കുട്ടി പുരസ്‌കാരങ്ങളും ഇതോടൊപ്പം സമ്മാനിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ ആര്‍തൂറോ റിപ്‌സ്റ്റെയ്‌നാണ് (Arturo Ripstein) ജൂറി അധ്യക്ഷന്‍. പീറ്റര്‍ സ്‌കാര്‍ലെറ്റ് (Peter Scarlet), ആദിത്യ അസാരത് (Aditya Assarat)േ, ഖാലോ മതബാനേ (Khalo Matabane), ഗൗതമി തുടങ്ങിയവരാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങള്‍.
മാര്‍ക്ക് ഷില്ലിങ് (Mark Schilling), എലിസബത്ത് കെര്‍ (Elizabeth Kerr ), മോണിക്ക ഭാസിന്‍ (Monica Bhasin) എന്നിവര്‍ നെറ്റ്പാക് ജൂറിയും ഡെറിക് മാല്‍ക്കം (Derek Malcolm), കൊയ്ച്ചി നൊജിമ (Koichi Nojima), റീറ്റാ ദത്ത (Rwita Datta), തുടങ്ങിയവര്‍ ഫിപ്രസി ജൂറിയുമാണ്.
ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കനകക്കുന്നിലെ നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിലെ 11 തിയേറ്ററുകളാണ് വേദിയാകുക.