BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday, 1 December 2013

Delegate Cell Inaugurated


Delegates are the real jury of this festival; it differentiates IFFK from other international Film festivals, opined Dr.Shashi Tharoor, Union minister of State for Human Resource Development, while inaugurating the delegate cell of 18th International Film Festival of Kerala.
Tharoor handed over the first delegate pass to Actor Anoop Menon at the function presided by Gandhimathi Balan, Chalachitra Academy Vice Chairman. First Delegate kit was received by Actress Menaka Suresh from P.C Vishnunath MLA.
P.S Sreekumar, Chairman Delegate Cell made the welcome address and S Rajendran Nair, Secretary Chalachitra Academy expressed vote of thanks. Bina Paul, Festival Artistic Director, Renji Thomas, SBT public relation chief manager also attended the function.
The Delegate Cell will function at the Tagore Theatre Premises from 8 am to 8pm till December 8th from today onwards. Delegates can collect the Festival kit -  a Jute bag with IFFK insignia, a detailed handbook and a festival T-Shirt.


ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന 18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മേളയുടെ ആദ്യ പാസ് ശശി തരൂരില്‍ നിന്നും സിനിമാ താരം അനൂപ് മേനോനും പി.സി. വിഷ്ണുനാഥ് എം.എല്‍.എയും ഏറ്റുവാങ്ങി. ആദ്യ കിറ്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എയില്‍ നിന്നും ചലച്ചിത്രതാരം മേനക സുരേഷ് സ്വീകരിച്ചു. 
കേരള രാജ്യാന്തര ചലച്ചിത്രമേള കേരളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നിലവാരമുള്ള ചലച്ചിത്രങ്ങളെ നിലവാരമുള്ള രീതിയില്‍ സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തുന്ന ചലച്ചിത്ര പ്രേമികള്‍ പ്രാപ്തരാണ്. ശരിക്കുള്ള ജൂറി സിനിമ കാണാനെത്തുന്നവര്‍ തന്നെയാണ്. 
ഡെലിഗേറ്റുകള്‍ക്ക് പാസ്സുകളും എസ്.ബി.ടി. നല്‍കുന്ന ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള കിറ്റും കൈപ്പറ്റുവാനായി രണ്ട് മീഡിയ കൗണ്ടര്‍ ഉള്‍പ്പെടെ 12 കൗണ്ടറുകളാണ് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡെലിഗേറ്റുകള്‍ക്കും മാധ്യമപ്രതിനിധികള്‍ക്കും ഇന്ന് (ഡിസംബര്‍ രണ്ട്) മുതല്‍ ഇവിടെ നിന്നും പാസ്സുകള്‍ വിതരണം ചെയ്യും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ടുമണിവരെയാണ് സെല്ലിന്റെ പ്രവര്‍ത്തനം.


അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഡെലിഗേറ്റ് സെല്‍ ചെയര്‍മാനുമായ പി.എസ്. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍, ഡെലിഗേറ്റ് സെല്‍ കണ്‍വീനര്‍ സന്ദീപ് സേനന്‍, എസ്.ബി.ടി. പി.ആര്‍. ചീഫ് മാനേജര്‍ രഞ്ജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.

Delegate Cell Inauguration: PHOTOS














മീഡിയ പാസ് ഇന്നു മുതല്‍ (02.12.2013)

പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസ് ഇന്നുമുതല്‍ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച കൗണ്ടറില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് പ്രവര്‍ത്തന സമയം.


പ്രേം നസീറിന്റെ ഓര്‍മയ്ക്ക് മൂന്ന് ചിത്രങ്ങള്‍

മലയാള സിനിമാ ചരിത്രത്തിലെ നിത്യഹരിത നായകനായ പ്രേം നസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കാവ്യമേള, ഭാര്‍ഗവീനിലയം, ധ്വനി എന്നീ ചിത്രങ്ങളാണ് റിമമ്പറിങ് നസീര്‍ വിഭാഗത്തില്‍ സ്മരണാജ്ഞലി തീര്‍ക്കുക.
വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ രചിച്ച് എ. വിന്‍സന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം ഇന്നും കാഴ്ചയില്‍ നവ്യാനുഭവമാകും. 1965 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് കാവ്യമേള. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എ.ടി. അബു സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രം പ്രേംനസീറിന്റെ അവസാന ചിത്രങ്ങളിലൊന്നാണ്. 
ഒരു കാലഘട്ടത്തിലെ ചലച്ചിത്രാസ്വാദനത്തെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായ ഈ കലാകാരനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുവാനുള്ള അവസരമാണിത്.

നൂറ്റാണ്ട് തികയുന്ന ഇന്ത്യന്‍ സിനിമയെ ഓര്‍മിച്ചുകൊണ്ട് നാല് ചിത്രങ്ങള്‍

മണ്‍മറഞ്ഞ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഓര്‍മപ്പെടുത്തലുകളാണ് ചലച്ചിത്ര സൃഷ്ടികള്‍. ഒറിജിനല്‍ ഗ്ലോറി 100 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാകും. 
കാവ്യാത്മകമായ പ്രതിപാദനരീതികൊണ്ടും ആവിഷ്‌കാര സൗന്ദര്യം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച ബംഗാളി ചിത്രമാണ് സത്യജിത് റേയുടെ ചാരുലത. 19 ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബംഗാളില്‍ ഉടലെടുത്ത സാംസ്‌കാരിക നവോഥാനം പശ്ചാത്തലമാക്കി ചാരുലതയുടെ ചിന്തകളിലൂടെ ആധുനിക സ്ത്രീത്വത്തിന്റെ അന്തസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്നു. താന്‍ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് റേ തന്നെ വിശേഷിപ്പിച്ച ചാരുലത 1965 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 
പുരാണകഥാ ചിത്രീകരണത്തില്‍ വ്യത്യസ്തമായ ആവിഷ്‌കാര ശൈലിക്ക് തുടക്കമിട്ട വിഖ്യാത തമിഴ്ചിത്രമാണ് ബി.ആര്‍. പന്തലുവിന്റെ കര്‍ണന്‍ (1964). ശിവാജി ഗണേശന്‍, എന്‍.ടി. രാമറാവു എന്നിവര്‍ അഭിനയിച്ച ചിത്രമാണിത്.
സഹോദരീ-സഹോദര ബന്ധത്തിന്റെ വൈകാരികത അവതരിപ്പിച്ച തമിഴ് ചിത്രമാണ് ഭീം സിങ്ങിന്റെ പാശമലര്‍ (1961). ശിവാജി ഗണേശന്‍ അഭിനയിച്ച ഈ ചിത്രം അക്കാലത്തെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് റീ മേക്ക് ചെയ്ത ചിത്രം എന്ന ബഹുമതിയും പാശമലറിന് സ്വന്തം.
ചലച്ചിത്രാസ്വാദന രംഗത്ത് വേറിട്ട ദൃശ്യാനുഭവമായ ഹിന്ദി ചിത്രമാണ് കമല്‍ സ്വരൂപ് സംവിധാനം ചെയ്ത ഓം-ദര്‍-ബാ-ദര്‍ (1988). അജ്മീര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ആഖ്യാന നവീനതകൊണ്ടും സത്യസന്ധമായ വിഷയാവതരണം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്നു.
കാലപ്പഴക്കം കൊണ്ട് നശിച്ചുപോകുമായിരുന്ന ഫിലിം പ്രിന്റുകളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിച്ച ചിത്രങ്ങളാണ് ഇവയൊക്കെ.

ലോകസിനിമയില്‍ വനിതാ സംവിധായകര്‍

ഒരു കൂട്ടം വനിതാ സംവിധായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ലോകസിനിമാ വിഭാഗത്തില്‍ 10 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. കുറഞ്ഞ നിര്‍മാണ ചെലവും അവതരണത്തിലെ വൈകാരികതയും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണിത്. സ്വത്വരാഷ്ട്രീയം, കുടുംബബന്ധങ്ങളിലെ പാകപ്പിഴകള്‍, പ്രകൃതി ദുരന്തങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൂട്ടക്കൊലകള്‍, ജനതയുടെ തദ്ദേശിയ ചരിത്രം എന്നിവ സാര്‍വലൗകികമായ കാഴ്ചപ്പാടിലൂടെ ഈ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.

അഞ്ച് ദശാംബ്ദങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്. പാക്കിസ്ഥാനിലെ സിനിമാ സംസ്‌കാരത്തെ പുനര്‍നിര്‍വചിച്ച പുതുതലമുറയുടെ പ്രതിനിധികളായ മീനു ഗൗര്‍, ഫര്‍ജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനുപിന്നില്‍. ലാഹോറിന്റെ പശ്ചാത്തലത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ നേരിടുന്ന അപ്രതീക്ഷിതമായ ജീവിത വഴിത്തിരുവുകളെ രസകരമായി ആവിഷ്‌കരിക്കുകയാണ് ചിത്രം. ഹിന്ദി നടന്‍ നസറുദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശനവിധേയമായ ഇസ്രയേലിലെ കുടിയേറ്റ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അച്ഛനും നാല് വയസ്സുകാരനായ മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആവിഷ്‌കാരമാണ് ഫിലിപ്പീന്‍സ് ചിത്രം ട്രാന്‍സിറ്റ്. സംവിധാനം ഹന്ന എസ്പിയ. 
14 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വെനസ്വേലന്‍ സംവിധായിക മറിയാനാ റോണ്ടന്റെ  പുതിയ ചിത്രമാണ് പെലോ മലോ. സ്വന്തം വീട്ടില്‍ അംഗീകാരം ലഭിക്കാതെ പോകുന്ന ഒന്‍പതു വയസ്സുകാരന്റെ മാനസിക അവസ്ഥകളാണ് ഈ ചിത്രം ആവിഷ്‌കരിക്കുന്നത്.
സ്വന്തം ചലച്ചിത്രങ്ങള്‍ രാഷ്ട്രിയ പ്രഖ്യാപനത്തിനും സ്വത്വനിലപാടുകള്‍ വ്യക്തമാക്കാനുമായി ഉപയോഗിക്കുന്ന പോളിഷ് സംവിധായികയാണ് ആഗ്‌നിസ്‌ക ഹോളണ്ട്. സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാര്‍ഥി ജാന്‍ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.
ഈജിപ്ത്യന്‍ ഡോക്കുമെന്ററി സംവിധായിക ഹലാ ലോട്ഫിയുടെ ആദ്യ ചലച്ചിത്രമായ കമിങ് ഫോര്‍ത്ത് ബൈ ഡേ കെയ്‌റോ നഗരത്തില്‍ ജീവിക്കുന്ന യുവതിയുടെയും അമ്മയുടയും രോഗാതുരനായ അച്ഛന്റെയും കഥ പറയുന്നു ഈ ചിത്രം. 
അധികാരം കയ്യാളുന്നവര്‍ തങ്ങളുടെ പണവും പ്രശസ്തിയുമുപയോഗിച്ച് സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നിന്നും എങ്ങനെ രക്ഷപെടുന്നൂവെന്ന് വ്യക്തമാക്കുന്ന ഫ്രഞ്ച് സസ്‌പെന്‍സ് ചിത്രമാണ് ബാസ്റ്റാഡ്‌സ്. സംവിധാനം ക്ലയര്‍ ഡെനിസ്. 
ഉക്രൈന്‍ സംവിധായിക ഇവ നെയ്മാന്റെ ചിത്രമാണ് ഹൗസ് വിത്ത് എ ടററ്റ് തന്റെ മുത്തച്ഛന്റെ നാട്ടിലേക്ക് യാത്ര ചെയ്ത കുട്ടിയുടെയും അമ്മയുടെയും ജീവിതത്തെ തികച്ചും അപരിചിതയെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒരു സ്ത്രീയുടെ മരണം എപ്രകാരം ബാധിച്ചുവെന്നതിന്റെ ആവിഷ്‌കാരമാണ് ഈ ചിത്രം.  
സ്ലോവാക്യന്‍ സംവിധായിക മിര ഫൊര്‍നായുടെ മൈ ഡോഗ് കില്ലര്‍ -18 വയസ്സുകാരന്റെ ജീവിതത്തിലെ ഒരു ദിവസത്തെ സംഭവവികാസങ്ങള്‍ ആവിഷ്‌കരിക്കുന്നു. മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2013 ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ചിത്രമാണിത്. റോട്ടര്‍ഡാം മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളില്‍ ഒറ്റ ചിത്രം കൊണ്ടുതന്നെ സ്ഥാനമുറപ്പിച്ച ജോവന്നാ ലൊബാര്‍ഡിന്റെ പെറുവിയന്‍ ചിത്രം ഇന്‍ ഹൗസ് മൂന്ന് തലമുറകളില്‍പ്പെട്ട അമ്മമാര്‍ ഒരു രാത്രി ഒരു മുറിയില്‍ കഴിഞ്ഞതിന്റെ ദൃശ്യാവിഷ്‌കാരമാണ്.
സൂസന്നാ ബീസ് സംവിധാനം ചെയ്ത ഡാനിഷ് റോമാന്റിക് കോമഡി വിഭാഗത്തില്‍പ്പെട്ട ലൗ ഈസ് ഓള്‍ യു നീഡ്, ഇഡാ എന്ന ഹെയര്‍ ഡ്രസ്സറുടെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ്. ഇഡയുടെ മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് വരന്റെ പിതാവുമായി ഇഡ പുലര്‍ത്തുന്ന വൈകാരിക ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. 

ഡിജിറ്റല്‍ സാങ്കേതികതയും തുറന്ന മാധ്യമജാലകങ്ങള്‍ സൃഷ്ടിച്ച വൈജ്ഞാനിക വിസ്‌ഫോടനവും ഈ രംഗത്തേക്കുള്ള സ്ത്രീകളുടെ വ്യാപകമായ കടന്നുവരവിന് കാരണമായതായി അനുമാനിക്കാം. പുതിയ കാലത്തിന്റെ അനുഭവത്തിന്റെ തീക്ഷണത സ്ത്രീകളെ കൂടുതല്‍ ആര്‍ജവത്തോടെ സിനിമയെ സമീപിക്കുവാന്‍ പ്രാപ്തരാക്കിയിട്ടുണ്ടെന്നും ഈ ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും.