BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Wednesday, 4 December 2013

ചലച്ചിത്രമേള: മീഡയാ സെന്റര്‍ ഉദ്ഘാടനം ഇന്ന്

18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ ഇന്നു (ഡിസംബര്‍ അഞ്ച്) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Festival Office Inaugurated (December 4)

Click Here for More Photos

The Festival Office of 18th International Film Festival of Kerala started functioning at Kairali theatre on Wednesday. The inauguration of the office was done by Secretary of Cultural affairs department Rani Geroge. Chalachitra Academy Chairman, Priyadarsan, Vice Chairman Gandhimathi Balan, Chalachitra Academy Secretary, S Rajendran Nair, Festival Artistic Director Bina Paul were also present. Media Centre and Festival committee officers are included in the festival office. 

211 ചിത്രങ്ങള്‍, 16 വിഭാഗങ്ങള്‍, 12 വേദികള്‍

18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. 
മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. 
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, എന്നിങ്ങനെ 11 വേദികളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത്തവണ മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകളുടെ എണ്ണം കണക്കിലെടുത്ത് അജന്താ തിയേറ്ററില്‍ കൂടി പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആകെ 12 വേദികളിലാണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
ചലച്ചിത്രമേളയുടെ ഭാഗമായി പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. 
മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ സൗത്ത് കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിനെപ്പോലെയുള്ള വിഖ്യാത ചലച്ചിത്രകാരന്മാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കും. 
കാര്‍ലോ സോറയുടെ മൂന്ന് ചിത്രങ്ങളും കിംകി ഡുക്കിന്റെ പുതിയ ചിത്രമായ മോബിയസും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കിംകി ഡുക്ക് മൂന്ന് ദിവസം തലസ്ഥാനത്തുണ്ടാകും. 
വിദേശത്ത് നിന്ന് 70 പ്രതിനിധികള്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ മേളയില്‍ അതിഥികളായെത്തും. 
മേളയിലെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ മെക്‌സിക്കന്‍ സംവിധായന്‍ ആര്‍തുറോ റിപ്‌സ്റ്റെയിനാണ്. പീറ്റര്‍ സ്‌കാര്‍ലെറ്റ്, (അമേരിക്ക), ആദിത്യ അസാരത് (തായ്‌ലാന്റ്), ഖാലോ മെറ്റബെയ്ന്‍ (സൗത്ത് ആഫ്രിക്ക), ഗൗതമി (ഇന്ത്യ) എന്നിവരാണ് മറ്റംഗങ്ങള്‍.
മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്ക് ജൂറി, ഫിലിം ക്യൂറേറ്ററായ മാര്‍ക്ക് ഷില്ലിംഗ്, എഴുത്തുകാരിയായ എലിസബത്ത് ഖേര്‍, സംവിധായികയായ മോണിക്ക ബാസില്‍ എന്നിവരാണ്.
പ്രസിദ്ധ നിരൂപകന്‍ ഡെറിക് മാല്‍കം, ജപ്പാനിലെ എഴുത്തുകാരനായ കൊയ്ച്ചി ഹൊജിമ, വിമര്‍ശകയായ ഋത്വാ ദത്ത എന്നിവരാണ് ഫിപ്രസി ജൂറി അംഗങ്ങള്‍.
മേളയിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്. നാല് ലക്ഷം രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള രജത ചകോരം നേടുന്ന വ്യക്തിക്ക് ലഭിക്കുക. 
മികച്ച നവാഗത സംവിധായകന് നാല് ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും. 
പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുന്ന സിനിമയ്ക്ക് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്. 
മേള നന്നായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 14 ചിത്രങ്ങള്‍ ഉണ്ട്. 101 ചോദ്യങ്ങള്‍, കളിയച്ഛന്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്.
കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ഫോക്കസ് വിഭാഗത്തില്‍ ഗോരാന്‍ പാസ്‌കലേവിച്ച്, മാര്‍ക്കോ ബെല്ലോച്ചിയോ, തകാഷി മൈക്ക്, ക്ലെയര്‍ ഡെനിസ്, ഴാങ്‌റെന്വര്‍, ഹാരുണ്‍ ഫറോക്കി, ഹരിഹരന്‍ എന്നിവരുടെ 43 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളെ അനുസ്മരിക്കുന്ന എക്‌സ്പ്രഷനിസം-ദി ഇന്‍ഡോ-ജര്‍മ്മന്‍ കണക്ഷന്‍ വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുണ്ട്. 
റോബര്‍ട്ട് വെയ്ന്‍, ഫ്രറ്റ്‌സ് ലാങ് എന്നിവരുടെ ചിത്രങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് അപൂര്‍വമായ വിരുന്നാകും.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സമകാലീന നൈജീരിയന്‍ ജീവിത കാഴ്ചകളുമായി ഏഴ് ചിത്രങ്ങളുണ്ട്. 
ജപ്പാനിലെ ആയോധന പാരമ്പര്യം ആവിഷ്‌ക്കരിച്ചിട്ടുള്ള സമുറായ് ഫിലിംസ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 
ലാറ്റിനമേരിക്കയിലെ സമാന്തര സിനിമ പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ചിത്രങ്ങള്‍ 'സ്ട്രീറ്റ് ഫിലിം മേക്കിംഗ് ഫ്രം ലാറ്റിനമേരിക്ക' വിഭാഗത്തിലുണ്ട്. 
മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍ സംവിധാനം ചെയ്ത 'നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍', ജൂറിയംഗം ആദിത്യ അസാരത്  നിര്‍മിച്ച 'മേരി ഈസ് ഹാപ്പി, മേരി ഈസ് ഹാപ്പി' എന്നീ ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 
പുതിയ ഏഷ്യന്‍ സിനിമകളെ പ്രതിനിധീകരിക്കുന്ന 'ന്യു ഏഷ്യന്‍ സിനിമ' വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ കാണിക്കും.
'ഇന്ത്യന്‍ സിനിമ ഇന്ന് ', 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴ് വീതം ചിത്രങ്ങളുണ്ട്.
'ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമ' വിഭാഗത്തില്‍ അന്തര്‍ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായ ആറ് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ സമകാലിക പ്രതിഭകളെ മനസ്സിലാക്കുന്നതിന് ഈ ചിത്രങ്ങള്‍ സഹായിക്കും.
 ഇന്ത്യന്‍ സിനിമയുടെ 100-ാം വര്‍ഷം പ്രമാണിച്ച് 'ഒറിജിനല്‍ ഗ്ലോറി - 100 ഈയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ'വിഭാഗത്തിലുള്ള നാല് ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള കാഴ്ചയാകും.
സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ലോകസിനിമ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍ കാണികള്‍ക്ക് വിസ്മയക്കാഴ്ചകളാകും.
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
അകാലത്തില്‍ അന്തരിച്ച പ്രതിഭാശാലി ഋതുപര്‍ണഘോഷിനെ സ്മരിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും
നമ്മേവിട്ടുപിരിഞ്ഞ സുകുമാരി, ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, കൊന്നനാട്ട് എന്നിവരെ സ്മരിക്കും.
അരവിന്ദന്‍ സ്മാരക പ്രഭാഷണം ഡിസംബര്‍ എട്ടിന് 6.00 മണിക്ക് ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചി നിര്‍വഹിക്കും. 
എല്ലാ ദിവസവും 11.00 മണിക്ക് സംവിധായകരുമായി 'മീറ്റ് ദ പ്രസ് പരിപാടി' നടക്കും. 
എല്ലാ ദിവസവും ഉച്ചയ്ക്ക് 2.00 മണിക്ക് ശ്രീ തീയേറ്ററില്‍ അതിഥികളുമായി 'ഇന്‍ കോണ്‍വര്‍സേഷന്‍' എന്ന പരിപാടി ഉണ്ടാകും. 
എല്ലാ ദിവസവും 5.30 മണിക്ക് 'മീറ്റ് ദ ഡയറക്ടര്‍' എന്ന പരിപാടി നടക്കും.
സിനിമയുടെ സാങ്കേതികതയുമായി  ബന്ധപ്പെട്ടുകൊണ്ടുള്ള എക്‌സിബിഷന്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഹോട്ടല്‍ ഹൊറൈസണില്‍ ഫിലിം മാര്‍ക്കറ്റിങ്ങിനെ സംബന്ധിച്ച വിഷയത്തെ അധികരിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലകളും സെമിനാറുകളും നടക്കും. 
ഡിസംബര്‍ 11ന് 'മലയാള സിനിമ നേരിടുന്ന വെല്ലുവിളികളും മാറ്റങ്ങളും' എന്ന വിഷയത്തില്‍ സെമിനാറുണ്ടാകും. 
കുട്ടികളുടെ സിനിമയെക്കുറിച്ച് 'റൗണ്ട് ടേബിള്‍ പ്രോഗ്രാം' ഡിസംബര്‍ 9,10 തീയതികളില്‍ നടക്കും.
9000 ത്തോളം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കാളികളാകും. ഇതില്‍ 2000 ത്തോളം വനിതകളും വിദ്യാര്‍ഥികളുമാണ്. 1200 ഓളം മാധ്യമപ്രവര്‍ത്തകര്‍ മേളയെ സജീവമാക്കും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. 
മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്‌സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനം ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. 
ഡിസംബര്‍ ആറിന് വൈകുന്നേരം 6.00 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും.
സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ സംബന്ധിക്കും.
ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിന്റെ പ്രത്യേക കലാപരിപാടികള്‍ ഉണ്ടായിരിക്കും.
ഉദ്ഘാടന ചിത്രമായി ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും.



ചലച്ചിത്രമേള: ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് കൈരളി തീയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന തിരുവനന്തപുരം മ്യൂസിയംകവാടത്തിന്റെ മാതൃകയിലാണ് ഫെസ്റ്റിവല്‍ ഓഫീസിന്റെ പൂമുഖം തയാറാക്കിയിട്ടുള്ളത്. മീഡിയ സെന്റര്‍, വിവിധ ഫെസ്റ്റിവല്‍ കമ്മിറ്റികളുടെ ഓഫീസുകള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Festival Office Inauguration: PHOTOS










Tuesday, 3 December 2013

ലോകസിനിമാ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍

വ്യത്യസ്ത സാംസ്‌കാരിക ഭൂമികകളില്‍ നിന്നുവന്ന 83 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, കിംകി ഡുക്കിന്റെ പുതിയ സിനിമയായ മോബിയസ്, കാനില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്  അമത് എസ്‌കലാന്റയ്ക്ക് നേടിക്കൊടുത്ത ഹേലി എന്നിവ ഇതിലുള്‍പ്പെടുന്നു.
വര: എ ബ്ലസ്സിങ് ഭൂട്ടാനിലെ ലാമയും സിനിമാ സംവിധായകുമായ കിന്റസ് നോര്‍ബുവിന്റെ ചിത്രമാണ്. ഇംഗ്ലീഷില്‍ എടുത്ത ഭൂട്ടാനില്‍ നിന്നുള്ള ആദ്യത്തെ ചിത്രത്തിന്റെ കഥ ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാധ്യയയുടേതാണ്. അദ്ദേഹത്തിനുള്ള സ്മൃതിചിത്രം കൂടിയാണിത്. കൃഷ്ണ ഭക്തയായ ലൈല മുസ്ലീമായ ഒരു ശില്‍പ്പിയുമായി പ്രണയത്തിലാകുന്നു. ഭൂട്ടാന്റെ സാംസ്‌കാരിക പൈതൃകത്തിനുള്ള സമര്‍പ്പണവും ദൈവികതയുടെ വിവിധ തലത്തിലുള്ള സ്വപ്നസങ്കലനവുമാണ് ഈ ചിത്രം. ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു ഇത്.
കാനില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത എസ്‌കലാന്റയുടെ ഹേലി എന്ന മെക്‌സിക്കന്‍ ചിത്രം നിയോ റിയലിസത്തിന്റെയും പൈശാചികതയുടെയും സങ്കലനമാണ്. മയക്കുമരുന്ന് - ലൈംഗിക ചൂഷണങ്ങള്‍, പാപം, സ്‌നേഹം, പ്രതികാരം എന്നിവയുടെ സമപൂരണമാണ് ഈ ചിത്രം. 2013 ലെ മെക്‌സിക്കോയില്‍ നിന്നുള്ള മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതും ഹേലിക്കാണ്.
ഒരു ഹൊറര്‍ ചിത്രമാണ് തോമസ് വിന്റര്‍ബര്‍ഗിന്റെ ദി ഹണ്ട്. ഒരു ചെറിയ കുട്ടി പറയുന്ന കള്ളം പൊതു സമൂഹം എങ്ങനെ സ്വീകരിക്കുന്നുവെന്നും വേട്ടയാടപ്പെട്ട ഇരയുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നും കാണിച്ചുതരുന്നു ഈ ചിത്രം. തന്റെ ജീവിതവും മൂല്യങ്ങളും തിരിച്ചുപിടിക്കാനായി ലൂക്കാസ് എന്ന അധ്യാപകന്‍ നടത്തുന്ന ഒറ്റയാള്‍പ്പോാരാട്ടവുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
കിങ് മോര്‍ഡന്റ് സംവിധാനം ചെയ്ത ഓസ്‌ട്രേലിയന്‍ ചിത്രം. ഡാം നിര്‍മാണ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ ചിത്രം ഓസ്‌ട്രേലിയയില്‍ നിരോധിച്ചു. രണ്ട് കുട്ടി കഥാപാത്രങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം ചിത്രത്തെ മികച്ചതാക്കി. 30 ഇന്റര്‍നാഷണല്‍ മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം 27 ാമത് ലീഡ്‌സ് രാജ്യാന്തരമേളയില്‍ ഓഡിയന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇറാന്‍ ഗവണ്‍മെന്റ് സിനിമ എടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ള പ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയുടെ തടങ്കലില്‍ നിന്നുള്ള രണ്ടാമത്തെ ചിത്രമാണ് ക്ലോസ്ഡ് കര്‍ട്ടണ്‍. ആദ്യ ചിത്രം ദിസ് ഈസ് നോട്ട് എ ഫിലിം 16 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ദി ജര്‍മന്‍ ഡോക്ടര്‍ എന്ന അര്‍ജന്റീനിയയില്‍ നിന്നുള്ള സിനിമ 2007 ല്‍ അനവധി വിദേശ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തതഥ എന്ന ചിത്രത്തിന്റെ സംവിധായിക ലൂസിയ പുന്‍സോയുടേതാണ്. 1960 കളിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സട്രേഷന്‍ കാമ്പില്‍ നിന്ന് പുതിയ വ്യക്തിത്വം സ്വീകരിച്ച് ജോസഫ് എന്ന നാസി ഒരു പുതിയ സ്ഥലത്തെത്തുന്നു. അവിടെ കണ്ടുമുട്ടുന്ന ലിലിത് എന്ന യുവതിയുമായി ജോസഫ് പ്രണയത്തിലായി. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ.
പുരാതന നഗരമായ റോം ഒരു കഥാപാത്രമായിത്തന്നെ വരുന്ന ചിത്രമാണ് പൗലോ സൊറെന്റിനോ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ബ്യൂട്ടി എന്ന ഇറ്റാലിയന്‍ ചിത്രം. 65 കാരനായ എഴുത്തുകാരന്‍ റോമിലെ തന്റെ പഴയകാല ലഹരിജീവിതം ഓര്‍ത്തെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റാലിയന്‍-ഫ്രഞ്ച് സംയുക്ത സംരംഭത്തില്‍ പുറത്തുവന്ന ചിത്രം അനവധി വിദേശചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005 ല്‍ ദി വേവാഡ് ക്ലൗഡ് എന്ന സിനിമയിലൂടെ പേരെടുത്ത മിങ് ലിയാന്‍ സായിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്‌ട്രേ ഡോഗ്‌സ്. വെനീസ് മേളയില്‍ സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം  ഈ ചിത്രത്തിന് ലഭിച്ചു.
50 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്ന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ചിത്രമാണ് സിന്ദാ ബാഗ്. സമകാലീന പാക്കിസ്ഥാനി യുവത്വത്തിന്റെ ജീവിതക്കാഴ്ചയാണ് മിനു ഗൗര്‍, ഫര്‍ജാദ് നബി എന്നിവര്‍ സംവിധാനം ചെയ്ത ഈ ഹാസ്യചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ഇതില്‍ അഭിനയിച്ചിട്ടുണ്ട്.
ക്രൊയേഷ്യല്‍ നിന്നുള്ള വിന്‍കോ ബ്രസന്റ് സംവിധാനം ചെയ്ത ഹാസ്യചിത്രമാണ് ദി പ്രീസ്റ്റ്‌സ് ചില്‍ഡ്രന്‍. അഡ്രിയാക്കിലുള്ള ഒരു ചെറിയ ദ്വീപിലേക്ക് പുരോഹിതനായെത്തുന്നയാള്‍ അവിടുത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനായി ഒരു പദ്ധതിയിടുന്നു. എന്നാല്‍ അധികം താമസിയാതെ അത്യന്തം സങ്കീര്‍ണമാകുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി.
2007 ല്‍ 23 വിദേശ അവാര്‍ഡുകള്‍ നേടിയ പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ലെനിന്‍ ഗ്രാഡ് എന്ന ചിത്രത്തിന്റെ സംവിധായിക മറിയാന റാന്‍ഡന്റെ ചിത്രമാണ് ബാഡ് ഹെയര്‍. വെനസ്വേലയുടെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രമാണിത്. ഒന്‍പതു വയസ്സുകാരന്‍ തന്റെ ചുരുണ്ട തലമുടി ഒരു സംഗീതജ്ഞനെപ്പോലെ നീട്ടാന്‍ തീരുമാനിക്കുന്നതാണ് കഥ.
കാന്‍ ഫെസ്റ്റിവലില്‍ പാംഡിയോര്‍ കരസ്ഥമാക്കിയ ചിത്രമാണ് ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍. 15 കാരിയായ അഡേലയുടെ ജീവിതം എമ്മായെ കണ്ടുമുട്ടുന്നതോടെ ആകെ മാറിമറിയുന്നു. ചിത്രകലാ വിദ്യാര്‍ഥിയായ നീലമുടിക്കാരിയുമായി ഒരു പ്രത്യേക തരത്തിലുള്ള ബന്ധം അഡേലയില്‍ ഉടലെടുക്കുന്നു. അബ്ദുള്‍ ലത്തീഫ് കെച്ചിചെ ആണ് സംവിധായകന്‍.
കിംകി ഡുക്കിന്റെ പുതിയ ചിത്രമാണ് മൊബിയസ്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ അസൂയാലുവായ സ്ത്രീ പ്രതികാരം തീര്‍ക്കുന്നത് മകന്റെ നേര്‍ക്കാണ്. വയലന്‍സും പാപബോധവും അതിതീവ്രമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് സൗത്ത് കൊറിയയില്‍ ആദ്യം വിലക്കിയിരുന്നു.
യുദ്ധം എന്താണെന്ന് നിങ്ങള്‍ക്കറിയണമെങ്കില്‍ ചിലനേരങ്ങളിലെങ്കിലും ഒരു കുഞ്ഞിന്റെ കാഴ്ച വേണ്ടിവരും. ഉക്രയ്‌നില്‍ നിന്നുള്ള സംവിധായികയായ ഈവ നിമാന്റെ ഹൗസ് വിത്ത് എ ടെറന്റ് എന്ന ചിത്രം ഇതിന് ഉദാഹരണമാണ്. റഷ്യന്‍ എഴുത്തുകാരനായ ഫ്രെഡറിക് ഗോറന്‍സ്റ്റിന്റെ ആത്മകഥയില്‍ നിന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളെ എട്ടു വയസ്സുകാരന്റെ അനുഭവങ്ങളിലൂടെ കാണിച്ചുതരുന്ന ഈ ചിത്രം അനവധി വിദേശ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാറിനായി ഹംഗറിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ദി നോട്ട് ബുക്ക്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന ഹംഗറിയിലെ ഒരു ഗ്രാമത്തിലെ കൗമാരക്കാരായ രണ്ട് കുട്ടികളുടെ കഥയാണിത്. നിര്‍ദയമായ ലോകത്തിന്റെ ഇടപെടലുകള്‍ ആദ്യം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തങ്ങളുടേതായ രീതിയില്‍ അവര്‍ ചെറുത്തുനില്‍ക്കാന്‍ പരിശീലിക്കുന്നു. ഹൃദയസ്പര്‍ശിയായ ഈ ചിത്രം നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്.
എഴുത്തുകാരനും സംവിധായകനുമായ ബീയിബണ്ടേലയുടെ പ്രഥമ ചിത്രമായ ഹാഫ് ഓഫ് എ യെല്ലോ സണ്‍ ഇതേ പേരില്‍ ചിമാമാണ്ട നെഗോസി അഡീച്ചേ എഴുതിയ നോവലിനെ അധികരിച്ചുള്ളതാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് തദ്ദേശവാസികളുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിച്ചതെന്നതിന്റെ ഉദാഹരണങ്ങള്‍ കാണിച്ചുതരുന്നു നൈജീരിയയില്‍ നിന്നുള്ള ഈ ചിത്രം.
ബിറ്റ്‌വീന്‍ എസ്റ്റര്‍ഡേ ആന്‍ഡ് ടുമാറോ എന്ന ശ്രീലങ്കന്‍ ചിത്രം മൂന്ന് യുവാക്കളിലൂടെ സമകാലീന ശ്രീലങ്കയുടെ നേര്‍ചിത്രം അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യവും സ്‌നേഹവും സമ്പത്തും എല്ലാമുള്ള ജീവിതം സ്വപ്നം കാണുന്ന ഇവര്‍ അത് നേടിയെടുക്കുന്നത് എളുപ്പമല്ലായെന്ന് തിരിച്ചറിയുന്നു. അധികാര ശക്തികളുടെ അത്യാഗ്രഹത്തിനും ഉപജാപത്തിനും മുമ്പില്‍ തങ്ങള്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് അവര്‍ തിരിച്ചറിയുന്നു.
58 രാജ്യങ്ങളില്‍ നിന്ന് 83 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇതില്‍ 38 സിനിമകള്‍ സംയുക്ത സംരംഭങ്ങളാണ്.  12 വനിതാസംവിധായകരുടെ ചലച്ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.


രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരിതെളിയും

18 ാമത് കേരള രാജ്യാതന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. പ്രശസ്തനടി ശബാന ആസ്മി മുഖ്യാതിഥിയാകും.
മേളയുടെ കാറ്റ്‌ലോഗ് പ്രകാശനം മന്ത്രി വി.എസ്. ശിവകുമാര്‍ മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ പ്രകാശനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ. സ്വീകരിക്കും. സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും.
മേയര്‍ അഡ്വ. കെ. ചന്ദ്രിക, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എസ്. പ്രിയദര്‍ശന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, ഉദ്ഘാടനച്ചടങ്ങിന് ശേഷം പ്രത്യേക കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും.